തിരുത്തേണ്ടത് സർക്കാർ: തിരിച്ചടിച്ച് സുകുമാരൻ നായർ; ശബരിമലയിൽ കൂടുതൽ പ്രതിരോധത്തിലായി പിണറായി സർക്കാർ; പോരാട്ട മുഖം തുറന്ന് എൻഎസ്എസും

തിരുത്തേണ്ടത് സർക്കാർ: തിരിച്ചടിച്ച് സുകുമാരൻ നായർ; ശബരിമലയിൽ കൂടുതൽ പ്രതിരോധത്തിലായി പിണറായി സർക്കാർ; പോരാട്ട മുഖം തുറന്ന് എൻഎസ്എസും

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മന്നത്തു പത്മനാഭന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് എൻ.എസ്.എസ്സിന്റേതെന്നും. എൻ.എസ്.എസ്. നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് അറുത്തുമുറിച്ച മറുപടി നൽകിയ എൻഎസ്എസ് ജനറൽ സെക്രട്ടറി യാതൊരു വിധ വിട്ടു വീഴ്ചയ്ക്കുമില്ലെന്ന സൂചനയും നൽകുന്നു. എൻ.എസ്.എസ്സിന്റെ പഴയകാലപാരമ്പര്യത്തിന് നിരക്കാത്തതാണ് ഇപ്പോൾ അവർ സ്വീകരിക്കുന്നത്. സുകുമാരൻനായരുടെ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഞായറാഴ്ച കൊടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്.
എന്നാൽ, ഇതിനെതിരെ ശക്തമായ പ്രതികരണവുമായി എത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കൊടിയേരിയുടെ ഉപദേശം തികച്ചും അപ്രസക്തമാണെന്ന് പ്രഖ്യാപിച്ചു. ആദ്യം കൊടിയേരി പാർട്ടിയുടെയും സർക്കാരിന്റെയും നയമാണ് തിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ശബരിമല വിഷയത്തിൽ ആദ്യം മുതൽ ഒരേ നയത്തിൽ ഉറച്ചു നിൽക്കുകയാണ്. വിശ്വാസികൾക്ക് അനുകൂലമായി എൻ.എസ്.എസ്. എടുത്തിട്ടുള്ള നിലപാട് വ്യക്തമാണ്. അതിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുംതന്നെയില്ല. ഇക്കാര്യത്തിലുള്ള ഗവണ്മെന്റിന്റെ നയമാണ് തിരുത്തിക്കേണ്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മന്നത്തുപത്മനാഭന്റെ ആദർശങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് എൻ.എസ്.എസ്സിനുള്ളത്. വിശ്വാസസംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല.  ശബരിമലവിഷയം സംബന്ധിച്ച് വിശ്വാസികൾക്കെതിരെ സർക്കാർനീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോൾതന്നെ, അങ്ങനെയൊരു നിലപാടിലേക്ക് പോകുന്നത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ അംഗീകരിക്കില്ലെന്നും ആ നീക്കത്തിൽനിന്നും പിൻമാറുകയാണ് നല്ലതെന്നും കോടിയേരി ബാല
കൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിരുന്നതാണ്. അതല്ലാത്തപക്ഷം,
വിശ്വാസസംരക്ഷണത്തിനായി എൻ.എസ്.എസ്സും നിലപാട് സ്വീകരിക്കേണ്ടിവരും എന്നും അറിയിച്ചിരുന്നു. അതുകൊണ്ടാണ് കോടിയേരിയുടെ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്ന് പറയേണ്ടിവരുന്നതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ശബരിമല വിഷയത്തിൽ എൻഎസ്എസ് കൂടി സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായിട്ടുണ്ട്. സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ എൻഎസ്എസ് സർക്കാരിനോടു അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സാമ്പത്തിക സംവരണത്തിലടക്കം സർക്കാർ എൻഎസ്എസിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു നൽകുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാരിനെതിരെ ശബരിമല വിഷയത്തോടെയാണ് എൻഎസ്എസ് തിരിഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണെന്നു വരെ എൻഎസ്എസ് തുറന്നടിച്ചു.
എന്നാൽ, എൻഎസഎസ് ജനറൽ സെക്രട്ടറി ഇത്രത്തോളം പ്രകോപനപരമായ പ്രഖ്യാപനങ്ങളെല്ലാം നടത്തിയിട്ടും ഇതുവരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം പോലും ഇദ്ദേഹത്തിനെതിരെ പറഞ്ഞിട്ടില്ല. കോടിയേരി പ്രതികരിച്ചെങ്കിൽ പോലും ഇതിലും മൃദുവായ സമീപമാണ് സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയം വീണ്ടും സർക്കാരിന് കുരുക്കായി മാറിയിരിക്കുന്നത്.