വനിതയോട് ‘രോഷാകുലനായി പെരുമാറിയത്’ ഉള്‍പ്പെടെ സുരേഷ് ഗോപിക്കെതിരെ നാല് കേസ് ; രണ്ടു കാരവനും ഓഡി കാറും ട്രാക്ടറും ഉള്‍പ്പെടെ എട്ടു വാഹനങ്ങൾ ; എട്ടു കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തി ; 61 ലക്ഷം രൂപയുടെ ബാധ്യത
സ്വന്തം ലേഖകൻ
തൃശൂർ: വനിതയോട് ‘രോഷാകുലനായി പെരുമാറിയത്’ ഉള്‍പ്പെടെ തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയുള്ളത് നാലു കേസുകള്‍.
സുരേഷ് ഗോപിക്കുവേണ്ടി തൃശൂരിലെ വരണാധികാരിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ മുമ്ബാകെ ഇന്നലെ സമർപ്പിച്ച നാമനിർദേശപത്രികക്കൊപ്പമാണ് ഈ വിവരമുള്ളത്. ഗതാഗതം തടസ്സപ്പെടുത്തി ഒത്തുചേർന്നതിന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസ്. നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്തതിനും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടും സി.ബി.സി.ഐ.ഡിയിലുമാണ് മറ്റു രണ്ടു കേസുകളുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ ജില്ലയിലെ ‘നെട്ടിശ്ശേരി മഹാദേവ ടെംപിള്‍ റോഡ് ഭരത് ഹെറിറ്റേജ്’ എന്ന വിലാസത്തിലാണ് 65കാരനായ സുരേഷ് ഗോപിക്കുവേണ്ടി പത്രിക നല്‍കിയത്. 2023-’24ലെ ആദായ നികുതി അടച്ച കണക്കുപ്രകാരം സുരേഷ് ഗോപിക്ക് 4,39,68,960 രൂപയും ഭാര്യക്ക് 4,13,580 രൂപയും മകള്‍ ഭാവ്നിക്ക് 11,17,170 രൂപയുമാണ് വരുമാനമുള്ളത്. സുരേഷ് ഗോപി സിനിമാനടനും ഭാര്യ പിന്നണി ഗായികയുമാണെന്നും വിവരണത്തിലുണ്ട്.
സുരേഷ് ഗോപിയുടെ കൈവശം പണമായി 44,000 രൂപയും വിവിധ നിക്ഷേപ പദ്ധതികളില്‍ 68 ലക്ഷത്തിലധികം രൂപയും 1025 ഗ്രാം സ്വർണവുമുണ്ട്. ഇതിന് മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ടു കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട്. 61 ലക്ഷം രൂപയാണ് ബാധ്യത.
രണ്ടു കാരവനും ഓഡി കാറും ട്രാക്ടറും ഉള്‍പ്പെടെ എട്ടു വാഹനങ്ങളുണ്ട്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ 82.4 ഏക്കറും സെയ്താപെട്ടില്‍ 40 സെന്‍റും കൃഷിഭൂമിയുണ്ട്. ഭാര്യക്ക് തിരുനെല്‍വേലി, ദേവികുളം, ആലുവ എന്നിവിടങ്ങളില്‍ കൃഷിഭൂമിയുണ്ട്; കൈവശം 32,000 രൂപയും 1050 ഗ്രാം സ്വർണവുമാണുള്ളത്. ഭാര്യയുടെ പേരിലും കാരവൻ ഉണ്ട്.