കുറ്റവാളികൾ ഉണ്ട്, എന്നാൽ ഈ ജില്ലയിൽ ജയിൽ ഇല്ല, പണി പൂർത്തിയാക്കാനാകാതെ കെട്ടിടങ്ങൾ
പത്തനംതിട്ട : ജില്ലാ ജയിലിന്റെ ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും രണ്ടാം ഘട്ട നിർമ്മാണങ്ങൾ തുടങ്ങിയിട്ടില്ല. 5.5 കോടി രൂപയാണ് ഒന്നാംനില പൂർത്തിയായപ്പോൾ ചെലവായത്. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്.
തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ, ഏഴ് കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. അതേസമയം, 2018 ൽ ജയിലിന്റെ പ്രവർത്തനം നിലച്ചു. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി.
ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പാറകൾ നിറഞ്ഞ സ്ഥലമായതിനാൽ സീവേജ് പ്ലാന്റ് നിർമ്മിക്കാൻ ആദ്യ പ്ലാനിൽ മാറ്റം വരുത്തേണ്ടിവന്നു. മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. 13 കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെ ഇവിടെയാണ് പാർപ്പിക്കുന്നത്. പുതിയ കെട്ടിടത്തിൽ 180 തടവുകാരെ ഒരേസമയം പാർപ്പിക്കാം. പണമില്ലാതെ പണി മുടങ്ങി.
രണ്ടാംഘട്ട നിർമ്മാണത്തിനായി എസ്റ്റിമേറ്റ് പുതുക്കി തയ്യാറാക്കിയെങ്കിലും പണം ഇല്ലാത്ത കാരണത്താൽ പണികൾ വൈകി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ സാങ്കേതിക അനുമതി ലഭ്യമായി ടെൻഡർ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് താമസം നേരിടേണ്ടി വരുന്നത്.