ഞാൻ ഗന്ധർവ്വനി”ലെ പാലമരം ഇപ്പോഴും തൃശൂർ പോലീസ് അക്കാദമിയിൽ വസന്തം പരത്തുന്നു:
സ്വന്തം ലേഖകൻ
കോട്ടയം: തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു കഥ പറയുവാനുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ്
പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു കൊണ്ടിരിക്കേ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. ഗന്ധർവ്വന്റെ വാസസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പാലമരം അപ്പോൾ പൂക്കുന്ന കാലമായിരുന്നില്ല ..
ആ പ്രശ്നം പരിഹരിച്ചത് കലാസംവിധായകനാണ് .
തെർമോക്കോളിൽ തീർത്ത കൃത്രിമ പാലപ്പൂക്കളാൽ പോലീസ് ഗ്രൗണ്ടിൽ ഒരു പാലപ്പൂവസന്തം തന്നെ തീർത്തു കൊണ്ടാണ് ഗന്ധർവ്വനെ പത്മരാജൻ സെല്ലുലോയിഡിലേക്ക് ആവാഹിച്ചെടുത്തത്.
ഗന്ധർവ്വനിൽ തകർത്തഭിനയിച്ചതിന്റെ രാജകീയ പ്രൗഢിയോടെ പത്മരാജന്റെ മാന്ത്രികസിദ്ധികളുടെ ഓർമ്മച്ചെപ്പുകളുമായി ആ പാലമരം ഇന്നും പോലീസ് അക്കാദമി ഗ്രൗണ്ടിൽ ധന്യമായി നിലകൊള്ളുന്നു…
Whatsapp Group 1 | Whatsapp Group 2 |Telegram Group
“കുങ്കുമം ” വാരികയിൽ പ്രസിദ്ധീകരിച്ച പത്മരാജന്റെ
” നക്ഷത്രങ്ങളേ കാവൽ “എന്ന നോവലിലൂടെയാണ് പത്മരാജനിലെ എഴുത്തുകാരൻ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ” “നക്ഷത്രങ്ങളേ കാവൽ ” എന്ന
ആ പേരിന്റെ മാധുര്യം തന്നെ അന്ന് സാഹിത്യ രംഗത്ത്
ചർച്ചാവിഷയമായിരുന്നു.
എഴുപതുകളുടെ മദ്ധ്യത്തോടെയായിരുന്നു പത്മരാജന്റെ കഥകൾക്ക് ചലച്ചിത്രഭാഷ്യങ്ങൾ കൈവരുന്നത് .കേൾക്കുന്ന മാത്രയിൽ തന്നെ മനസ്സിൽ കാല്പനികതയുടെ പരിമളം പരത്തുന്ന പേരുകളായിരുന്നു പത്മരാജൻ കഥകളുടേയും ചിത്രങ്ങളുടെ പ്രത്യേകത. സത്രത്തിൽ ഒരു രാത്രി, രതിനിർവ്വേദം , പറന്ന് പറന്ന് പറന്ന് , കരിയിലക്കാറ്റു പോല , നവംബറിന്റെ നഷ്ടം , നൊമ്പരത്തിപ്പൂവ് , അരപ്പട്ട കെട്ടിയ ഗ്രാമം , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , മൂന്നാംപക്കം, തിങ്കളാഴ്ച നല്ല ദിവസം , പെരുവഴിയമ്പലം , കള്ളൻ പവിത്രൻ ,
ന്നിങ്ങനെ കാവ്യ സങ്കൽപ്പങ്ങളുടെ സുഗന്ധമുള്ള ആ ചലച്ചിത്രങ്ങളെല്ലാം മലയാള സിനിമയുടെ നവചക്രവാളങ്ങളിൽ മഴവില്ലഴക് ചാർത്തിയവയായിരുന്നു.
പത്മരാജന്റെ ഓരോ സിനിമയും വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷകരെ എക്കാലത്തും വിസ്മയിപ്പിച്ചിരുന്നുവെന്ന് മാത്രമല്ല അവയെല്ലാം മലയാള ചലച്ചിത്ര ഭൂമികയിലെ നാഴികക്കല്ലുകളായി മാറി..
ഈ ഭൂമിക്ക് സ്വർഗ്ഗത്തേക്കാൾ സൗന്ദര്യമുണ്ടെന്ന് അറിയുന്നത് തന്നെ ” ഞാൻ ഗന്ധർവൻ “എന്ന ചിത്രത്തിനുവേണ്ടി പത്മരാജൻ എഴുതിയ മനോഹരമായ സംഭാഷണങ്ങളിൽ നിന്നാണ്.
പത്മരാജന്റെ മാസ്മരിക ചിത്രങ്ങളെ പോലെ തന്നെ മനോഹരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ ഗാനങ്ങളും …
“കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി ….. (ചിത്രം രതിനിർവേദം – രചന കാവാലം – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ , കാർത്തികേയൻ)
” പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ പ്രസാദം കരുതിയതാർക്കുവേണ്ടി …
(ചിത്രം സത്രത്തിൽ ഒരു രാത്രി – രചന യൂസഫലി _ സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)
“ഉണരുമീ ഗാനം … (ചിത്രം മൂന്നാംപക്കം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ഇളയരാജ – ആലാപനം വേണുഗോപാൽ ) “ആകാശമാകെ കണിമലർ … പവിഴം പോൽ ….. (രണ്ടു ഗാനങ്ങളും യേശുദാസ് പാടിയത് , രചന
ഒ എൻ വി – സംഗീതം ജോൺസൺ – ചിത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ )
” വാനമ്പാടി ഏതോ തീരങ്ങൾ തേടും …. (ചിത്രം ദേശാടനക്കിളി കരയാറില്ല – രചന ഒ എൻ വി – സംഗീതം രവീന്ദ്രൻ – ആലാപനം യേശുദാസ് )
” ഒന്നാംരാഗം പാടി
ഒന്നിനെ മാത്രം തേടി … (ആലാപനം വേണുഗോപാൽ, ചിത്ര)
” മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി ( യേശുദാസ് , ചിത്രം തൂവാനത്തുമ്പികൾ – രചന ശ്രീകുമാരൻ തമ്പി – സംഗീതം പെരുമ്പാവൂർ രവീന്ദ്രനാഥ് )
“ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം … (യേശുദാസ്)
“പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ … (ചിത്ര )
“ദേവി ആത്മരാഗമേകാൻ… (യേശുദാസ്) ചിത്രം ഞാൻ ഗന്ധർവ്വൻ – രചന കൈതപ്രം – സംഗീതം ജോൺസൺ) എന്നിങ്ങനെ പത്മരാജൻ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം നൊമ്പരത്തിപൂവുകളായി ഇടക്കിടെ മസസ്സിലേക്ക് ഓടിയെത്താറുണ്ട്.
1991 ജനുവരി 24 – … കലാകേരളം ആ വാർത്തകേട്ട് പൊട്ടി പൊട്ടിക്കരഞ്ഞു …. രംഗബോധമില്ലാത്ത കോമാളിയെ പോലെയെത്തിയ മരണം
ഗന്ധർവ്വനേയും കൊണ്ട് യാത്രയായി …