പാലായ്ക്ക് നിഷയേക്കാൾ പരിചയം മാണി സി.കാപ്പനോട്; ആന്ധ്രയിലെ മരുമക്കത്തായം കേരളത്തിൽ വേണ്ടെന്ന് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ: പാലായിലെ വമ്പൻ കുടുംബങ്ങൾ മാണി സി.കാപ്പനൊപ്പമെന്ന് സൂചന; പോരിന് മുമ്പ് വിറച്ച് കേരള കോൺഗ്രസ്

പാലായ്ക്ക് നിഷയേക്കാൾ പരിചയം മാണി സി.കാപ്പനോട്; ആന്ധ്രയിലെ മരുമക്കത്തായം കേരളത്തിൽ വേണ്ടെന്ന് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ: പാലായിലെ വമ്പൻ കുടുംബങ്ങൾ മാണി സി.കാപ്പനൊപ്പമെന്ന് സൂചന; പോരിന് മുമ്പ് വിറച്ച് കേരള കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വന്നേയ്ക്കാം. കേരള കോൺഗ്രസിൽ തർക്കങ്ങൾ മുറുകുന്നതിനിടെ നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് വ്യക്തതയായിട്ടുണ്ട്. എന്നാൽ, ഇതിനിടെ നിഷ മത്സരിച്ചാൽ സഹതാപ തരംഗം ഇക്കുറി മാണി സി.കാപ്പന് ലഭിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന. ഇതു കൂടാതെയാണ് പാലായിലെ കുടുംബങ്ങൾക്ക് നിഷയെക്കാൾ പരിചയം മാണി സി.കാപ്പനെയാണെന്ന വ്യക്തമായ സന്ദേശവും പുറത്ത് വന്നിരിക്കുന്നത്.
കാൽനൂറ്റാണ്ടിലേറെ പാലായുടെ എംഎൽഎയായിരുന്ന കെ.എം മാണിയെ ഓരോ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും സഹായിച്ചിരുന്നത് ഓരോ കുടുംബത്തിലെയും അംഗങ്ങളെയും അടുത്തറിയാം എന്നതായിരുന്നു. ഓരോരുത്തർക്കും പേരെടുത്ത് പറഞ്ഞ് അടുത്ത് ചെല്ലാനും പരിചയം പുതുക്കാനുമുള്ള കരുത്ത് കെ.എം മാണി എന്ന രാഷ്ട്രീയ അതികായനുണ്ടായിരുന്നു. പാർട്ടി ജാതി മത വ്യത്യാസമില്ലാതെ ആർക്കും എന്തും കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവ് കെ.എം മാണിയിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, കെ.എം മാണിയുടെ പിൻതുടർച്ചാവകാശിയായി നിഷ ജോസ് കെ.മാണി പാലായിൽ എത്തിയാൽ ഈ പിൻതുടർച്ചാവകാശം നഷ്ടമാകുമോ എന്നാണ് പലരും സംശയിക്കുന്നത്.
ജോസ് കെ.മാണിയാണെങ്കിൽ പോലും പാലായിലെ ഓരോ കുടുംബത്തിന്റെയും പേരും, ഇവിടെയുള്ള ആളുകളെയും കൃത്യമായി അറിയാം. എന്നാൽ, മാണിയുടെ മരുമകൾ എന്ന ലേബൽ മാത്രമുള്ള നിഷയ്ക്ക് വൻകിട കുടുംബങ്ങളിലെ ചുരുക്കം ചില പേരുകളും ആളുകളെയും അറിയാം എന്നതൊഴിച്ചാൽ കാര്യമായ പരിചയം പാലായിൽ ഇല്ല. എന്നാൽ, പാലാക്കാരുടെ മറ്റൊരു മാണിയായ മാണി സി.കാപ്പന് പക്ഷേ, ഈ കുടുംബങ്ങളുമായി നല്ല അടുപ്പം ഉണ്ട് എന്നതും വ്യക്തമാണ്.
കെ.എം മാണിയെയോ, ജോസ് കെ.മാണിയെയോ ഓരോ ആവശ്യത്തിനായി സമീപിക്കുന്നത് പോലെ നിഷാ ജോസ് കെ.മാണിയെ സമീപിക്കാൻ സാധിക്കുമോ എന്നതാണ് പാലായിലെ വൻകിടകുടുംബക്കാർ ഇപ്പോൾ ഉയർത്തുന്ന പ്രധാന സംശയം. സ്ത്രീ എന്ന നിലയിൽ മത്സരിക്കുമ്പോൾ സാധാരണക്കാരുടെയും കുടുംബങ്ങളുടെയും പിൻതുണ നിഷയ്ക്ക് ഉറപ്പാക്കാൻ സാധിക്കില്ലെന്നും ഇവർ കണക്ക് കൂട്ടുന്നു. ഇതിനിടെ ആന്ധ്രയിലും തെലുങ്കാനയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടു വരുന്ന മരുമക്കത്തായ സമ്പ്രദായം കേരളത്തിൽ കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസിലെ തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാവ് മരിച്ചാൽ ഭാര്യയും മകനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള കേരളത്തിൽ മരുമകൾ മത്സരിക്കാൻ രംഗത്തിറങ്ങുന്നത് ഞെട്ടിക്കുന്നതാണെന്ന് കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തിലെ തന്നെ പ്രമുഖ നേതാവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
എന്നാൽ, നിഷ ജോസ് കെ.മാണിയെ മത്സരിപ്പിക്കുകയാണ് ഏറ്റവും മികച്ച തീരുമാനം എന്നതിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം. കേരള കോൺഗ്രസിന്റെ അംഗമല്ലെങ്കിലും പാലായിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന നിഷ ജോസ് കെ.മാണിയ്ക്ക് പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യം പാലായിൽ ഇല്ല. വിവിധ രംഗങ്ങളിൽ നിഷ സജീവമായി രംഗത്തുണ്ട് താനും. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ ശക്തമയായ സ്ഥാനാർത്ഥി നിഷ തന്നെയാണ് എന്ന വാദമാണ് ഉയരുന്നത്.