നിപ്പ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ മരിച്ച 24-കാരന്‍റെ സഹപാഠികളും നിരീക്ഷണത്തിൽ; ഇവരോട് നാട്ടിൽ തുടരാനും ആരോഗ്യവകുപ്പ് നിർദേശിച്ചു; നിപമരണത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം
മലപ്പുറം: മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം.
മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്.
ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ബെംഗളൂരുവിലുള്ള 3 വിദ്യാർഥികൾ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്. ഇവരോട് എല്ലാവരോടും പിസിആർ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
കേരളത്തിൽ നിന്ന് ആരോഗ്യവകുപ്പ് കൈമാറിയ വിവരങ്ങളനുസരിച്ചാണ് കർണാടക ആരോഗ്യവകുപ്പിന്‍റെ നടപടിയുണ്ടായത്.
അതേസമയം, നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങളും ഏർപെടുത്തിയിട്ടുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും.
തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.