നിപ: സമ്പർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോ​ഗലക്ഷണം; 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവർ; മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിൽ വിവിധ മെഡിക്കൽ സംഘങ്ങളുടെ പരിശോധന

നിപ: സമ്പർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോ​ഗലക്ഷണം; 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവർ; മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിൽ വിവിധ മെഡിക്കൽ സംഘങ്ങളുടെ പരിശോധന

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. കോഴിക്കോട്ട് നിപ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നിലവിൽ നിപ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കൽ സംഘങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്. അപ്പോൾത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതുപോലെ മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കാനും ആരോ​ഗ്യവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസൊലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നടപടി.

കൂ‍ടാതെ കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ട്. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് 27-ാം തിയതിയാണ് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്.

അതിന് ശേഷമാണ് മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കൽ കോളേജിൽ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.