എറണാകുളത്ത് കണ്ടെത്തിയത് നിപ തന്നെ: പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്ത്; സ്ഥിരീകരിച്ച് മന്ത്രി കെ.കെ ശൈലജ

എറണാകുളത്ത് കണ്ടെത്തിയത് നിപ തന്നെ: പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്ത്; സ്ഥിരീകരിച്ച് മന്ത്രി കെ.കെ ശൈലജ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് കണ്ടെത്തിയ രോഗിയ്ക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ മന്ത്രി കെ.കെ ശൈജല നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള ഉറപ്പ് നൽകിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിപ്പാബാധിതനായ വിദ്യാർത്ഥി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥിയുമായി ഇടപെഴകിയിരുന്ന 89 പേർ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ടു പേർക്ക് പനി കണ്ടത്തിയിട്ടുണ്ട്. ഇവരെ പ്രത്യേക നിരീക്ഷണ വാർഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ രോഗിയായ യുവാവിനെ പരിചരിച്ച രണ്ടു നഴ്‌സുമാർക്കും പനി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവരെയും നിരീക്ഷണ വിധേയരാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ കോഴിക്കോട് നിപയുണ്ടായപ്പോൾ ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തെയും ഇവിടെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. ആസ്‌ട്രേലിയയിൽ നിന്നുള്ള പ്രത്യേക മരുന്നും ചികിത്സയ്ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. വളരെ ദൂരം അണുക്കൾ പടരാൻ സാധ്യതയില്ലാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. നിപ നേരിടാൻ വേണ്ട സജീകരണങ്ങളെല്ലാം ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ കോഴിക്കോട് തയ്യാറാക്കിയ ഗൈഡ് ലൈനും, ചികിത്സാ പ്രോട്ടോക്കോളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. പ്രതിരോധ മരുന്നുകളെല്ലാം ഇത്തവണ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. കോഴിക്കോട് നിപ ബാധിയുണ്ടായപ്പോൾ ഇവിടെ കളക്ടറായിരുന്ന യു.വി ജോസിന്റെ നേതൃത്വത്തിലുള്ള വൻ സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി വകുപ്പുകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രോഗിയുടെ സ്ഥിതി ഗുരുതരമല. അപകട നില ഇയാൾ തരണം ചെയ്തിട്ടുണ്ട്. ഇയാളുടെ സ്ഥിതിയിൽ ആശങ്കകളില്ലെന്നും മന്ത്രി അറിയിച്ചു. എറണാകുളം കളമശേരി മെഡിക്കൽ കോളേജിലും, ആലപ്പുഴ മെഡിക്കൽ കോളേജിലും ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. സംശയം തോന്നുന്ന രോഗികളെ ആശുപത്രിയിൽ പ്രവശിപ്പിച്ച് ചികിത്സയ്ക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.