സി.പി.എം സൈബര്‍ സഖാക്കളുടെ മുന്‍നിര പോരാളി ; പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മുന്നും പിന്നും നോക്കാതെ ആക്രമിച്ചു ; പോലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങി ; ഒടുവിൽ ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തി ജയിലിലേക്ക്; മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരത പിണറായി നടപ്പാക്കുകയാണ്, പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നും അന്‍വറിന്റെ വെല്ലുവിളി ; ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ പിവി അന്‍വര്‍ ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കുമെന്ന് അന്‍വര്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരത പിണറായി നടപ്പാക്കുകയാണ്. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
‘എത്ര കൊലക്കൊമ്പന്‍മാരാണ് ഇവിടെ ജാമ്യത്തില്‍ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതാണ്. കൊളള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നത്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങള്‍ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാന്‍ പിണറായിക്കെതിരായത്’. മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാള്‍ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എം സൈബര്‍ സഖാക്കളുടെ മുന്‍നിര പോരാളിയായിരുന്നു ഒരിക്കല്‍ പി.വി അന്‍വര്‍. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മുന്നും പിന്നും നോക്കാതെ ആക്രമിക്കാന്‍ അടുത്തിടെ വരെ സിപിഎമ്മിന്റെ ആയുധമായിരുന്നു പി.വി. അന്‍വര്‍. പ്രതിപക്ഷ നേതാക്കളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കടന്നാക്രമിക്കുന്ന സ്വഭാവം. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അന്‍വറിന്റെ വാക്കുകളുടെ ചൂട് പലവട്ടമറിഞ്ഞു. അന്ന് അന്‍വറിന് സൈബര്‍ പോരാളികളുടെ പിന്തുണ ആവോളമുണ്ടായിരുന്നു. എന്തിന് മുഖ്യമന്ത്രി പോലും പിന്തുണച്ചു. ഇതിന് പിന്നാലെ പോലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങിയ അന്‍വറിന്റെ ഇടപെടലുകളാണ് അന്‍വറിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്തിച്ചത്.
പാര്‍ട്ടിയുമായി തെറ്റി ഭരണപക്ഷത്തെയാകെ വെറുപ്പിച്ചാണ് അന്‍വര്‍ അറസ്റ്റിലാകുന്നത്. അന്‍വറിനെ പുകഴ്ത്തിയവര്‍ തന്നെ ഇകഴ്ത്തുന്ന കാഴ്ചയാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കണ്ടത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടും. എഡിജിപി അജിത് കുമാറിനേതിരേയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരേയും വിമര്‍ശിച്ച് തുടങ്ങിയ അന്‍വര്‍ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഒടുവില്‍ അന്‍വര്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഫോറസ്റ്റ് ഓഫീസ് ആക്രമമെന്ന ജാമ്യമില്ലാ കേസുകൂടി ലഭിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അന്‍വറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.