രാത്രിയിൽ ബ്ലാക്ക്മാനായി നിരത്തിലിറങ്ങും: ലക്ഷ്യം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുക; കോഴിക്കോട് രണ്ടു യുവാക്കൾ അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: രാത്രിയിൽ ബ്ലാക്ക്മാൻ എന്നതാണ് പലപ്പോഴും പല സ്ഥലങ്ങളിലെയും പ്രചാരണം. രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവരെ പലപ്പോഴും ബ്ലാക്ക്മാൻ പിടിക്കുമെന്നും, നാട്ടിൻപുറങ്ങളിലും, ഇപ്പോൾ നഗരങ്ങളിലും കഥകളും പ്രചരിക്കാറുമുണ്ട്. എന്നാൽ, കോഴിക്കോട് നിന്നും പുറത്തു വരുന്ന കഥകൾ ബ്ലാക്ക്മാൻ പേടിയ്ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നതാണ്.
രാത്രിയിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്ന രണ്ടു പ്രതികളെ പൊലീസ് പിടികൂടുയതോടെയാണ് ബ്ലാക്ക്മാനിനു പിന്നിലെ മനുഷ്യരെ തിരിച്ചറിഞ്ഞത്. ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് പോലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടുന്ന ഇവർ രാത്രികാലങ്ങളിൽ ഇവരുടെ വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. ഇങ്ങനെ സന്ദർശനം നടത്തുന്നതിനിടെ പ്രതികൾ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്ക് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഈ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാൻ പൊലീസിന് സഹായകമായത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോൺഫറൻസിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാത്രിയിൽ ബ്ലാക്ക്മാൻ ഇവിടങ്ങളിൽ ഇറങ്ങി നടക്കുന്നുണ്ടെന്നു പ്രചാരണം നടത്തിയിരുന്നത് ഈ യുവാക്കളാണ് എന്നു പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. വാട്സ്അപ്പിലൂടെയാണ് ഈ സന്ദേശം ഇവർ പ്രചരിപ്പിച്ചിരുന്നത്. ഈ സന്ദേശം വിശ്വസിച്ച് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുമ്പോൾ ഇവർ തങ്ങളുടെ കാമുകിമാരെ കാണാൻ എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ പിടിയിലായത് വാർത്തയും കൗതുകവുമായി മാറിയത്.