ദേശീയ പാതയില്‍ വീണ്ടും പടയപ്പ…! കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ആന;  ഡ്രൈവിംഗ് സീറ്റിലെ ബെല്‍റ്റ് പൊട്ടിച്ചു; നിരവധി വാഹനങ്ങള്‍ തടഞ്ഞുനിർത്തി; ഭയന്ന് വിറച്ച് യാത്രക്കാര്‍!

ദേശീയ പാതയില്‍ വീണ്ടും പടയപ്പ…! കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ആന; ഡ്രൈവിംഗ് സീറ്റിലെ ബെല്‍റ്റ് പൊട്ടിച്ചു; നിരവധി വാഹനങ്ങള്‍ തടഞ്ഞുനിർത്തി; ഭയന്ന് വിറച്ച് യാത്രക്കാര്‍!

മൂന്നാര്‍: വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കാട്ടാന പടയപ്പ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു.

ദേവികുളം ടോള്‍ പ്ലാസക്ക് സമീപത്താണ് ആനയെത്തിയത്. വനം വകുപ്പിന്റെ നിരീക്ഷണം തുടരുന്നതിനിടെയാണ് പടയപ്പ കഴിഞ്ഞ രാത്രിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എത്തിയത്. പിന്നീട് ഇവിടെ തന്നെ തുടരുകയായിരുന്നു.

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ മുന്നിലെത്തിയ കെഎസ്‌ആര്‍ടിസി ബസ് ആന തടഞ്ഞു. ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം ഏറെ നേരം പരതി. ഡ്രൈവറുടെ സീറ്റ് ബല്‍റ്റ് ഇതിനിടെ വലിച്ച്‌ പറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാന യാത്രക്കാരെ ആക്രമിച്ചില്ല. എല്ലാവരും ബസിന്റെ മുന്‍വശത്ത് നിന്ന് പിന്നോട്ട് മാറി. ജനലിന്റെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ദേശീയ പാതയിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങള്‍ ആന തടഞ്ഞു.

ആര്‍ആര്‍ടി സംഘം എത്തിയതോടെ ഏറെ സമയത്തിന് ശേഷം ചൊക്കനാട് ഭാഗത്തേക്ക് ആന കയറിപ്പോയി. മൂന്നാര്‍ ആര്‍ആര്‍ടി ഡെ. റേഞ്ചര്‍ ജെ ജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ. സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ തുരത്തിയത്.

വീണ്ടും ആന ഇവിടെ എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍, വനം വകുപ്പ് പടയപ്പയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. ഉള്‍വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് എത്തിയാല്‍ ആനയെ കാട്ടിലേക്ക് തുരത്തുമെന്നും ജനവാസ മേഖലയില്‍ ഇറങ്ങാതെ ശ്രമിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിനിടെയാണ് പടയപ്പ വീണ്ടും ദേശീയ പാതയില്‍ ഇറങ്ങിയത്.