തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അതിക്രമം; ഗുണ്ടാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും ആക്രമണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. പിന്നാലെ ഓടിയെത്തിയ നാട്ടുകാരെയും ഗുണ്ടകൾ ആക്രമിച്ചു.
അമിത ലഹരിയിലാണ് ഗുണ്ടാ സംഘം സഞ്ചരിച്ചിരുന്നത്. 14കാരൻ ഉൾപ്പടെ 6 പേരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ 2 പേർ നിരവധി കേസുകളിൽ പോലീസ് അന്വേഷിക്കുന്ന പ്രതികളാണ്. വർക്കല ഷാജി(ഫാൻറം പൈലി), രതീഷ്(കണ്ണപ്പൻ രതീഷ്), അജയ്, ഉമ്മർ, അഖിൽ എന്നിവർ അടങ്ങുന്ന 6 അംഗ സംഘം സഞ്ചരിച്ച കാറാണ് വൃാഴാഴ്ച രാത്രി 9 മണിയോടെ പിഎംജിക്ക് സമീപം അപകടത്തിൽപ്പെട്ടത്. കോവളത്തു നിന്നും വർക്കലയ്ക്ക് പോകുകയായിരുന്നു സംഘം.
അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ലഹരിയിലായിരുന്ന ഇവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് തിരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്ഐ ഷിജുകുമാർ തിരിച്ചറിഞ്ഞത്. തുടർന്ന് ആറുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.
പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഷാജിയെയും രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ മാസങ്ങൾക്ക് മുൻപ് കൊല്ലത്തുവെച്ച് ട്രയിനിൽനിന്നു ചാടി ഷാജി രക്ഷപ്പെട്ടിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന വാഹനം കോവളത്തും വർക്കലയിലേക്കുമുള്ള യാത്രാലക്ഷ്യം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.