പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിൽ അൻവറിന് കടമ്പകളേറെ; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണം; ചട്ടം മറികടന്നാല്‍ അയോഗ്യത; എംഎല്‍എയായി തുടര്‍ന്നുകൊണ്ട് പാർട്ടി അംഗത്വം സാധ്യമല്ല; മകനെ മുൻനിർത്തി പ്രവർത്തിക്കാനും നീക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിൽ സർവത്ര ആശയകുഴപ്പം
മലപ്പുറം: പി.വി.അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നും സൂചന. എംഎല്‍എ സ്ഥാനം അയോഗ്യതാ ഭീഷണിയിലാകും എന്നതിനാലാണ് ഇത്. ഇടതു സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം.
മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ പാടില്ല. ഈ ചട്ടം മറികടന്നാല്‍ അയോഗ്യത വരും. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടി ഉണ്ടായാലും അന്‍വറിന് എംഎല്‍എയായി തുടര്‍ന്നു കൊണ്ട് അതില്‍ അംഗത്വം എടുക്കാന്‍ കഴിയില്ല.
പുതിയ പാര്‍ട്ടിയുടെ ഭാഗമായാല്‍ അന്‍വറിനെതിരെ നടപടികള്‍ വരും. നിയമതടസ്സം ഉണ്ടെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് അന്‍വര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. ഉടന്‍ അന്‍വര്‍ രാജിവച്ചാല്‍ ചേലക്കര, പാലക്കാട് എന്നിവയ്‌ക്കൊപ്പം നിലമ്പൂരും ഉപതിരഞ്ഞെടുപ്പ് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ്ടും അന്‍വര്‍ മത്സരിക്കുകയും ചെയ്യും. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും അതില്‍ അംഗത്വം എടുക്കാതെ അന്‍വറിന് മാറി നില്‍ക്കാം. അങ്ങനെ വന്നാല്‍ അന്‍വറിന് അയോഗ്യതാ പ്രശ്‌നം മറികടക്കാം. തന്റെ കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയ പിന്‍ഗാമിയെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ച് പിന്നില്‍ നില്‍ക്കാനും അന്‍വര്‍ ശ്രമിച്ചേക്കും.
പി.വി.അന്‍വര്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാകുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അന്‍വര്‍ ചെന്നൈയില്‍ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.
പാര്‍ട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സ്റ്റാലിനു കത്തു നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് അയോഗ്യതാ പ്രശ്‌നം ചർച്ചയാകുന്നത്. ഇത് വലിയ ആശയക്കുഴപ്പമായി മാറിയിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജി വച്ച് വീണ്ടും ജയിച്ചാല്‍ പ്രതിച്ഛായ കൂടുമെന്ന വിലയിരുത്തലും അന്‍വര്‍ ക്യാമ്പിനുണ്ട്.
എന്നാല്‍, നിലമ്പൂരിലെ ക്രൈസ്തവ വോട്ടുകള്‍ അതിനിര്‍ണ്ണായകമാണ്. ഇത് കിട്ടിയില്ലെങ്കില്‍ തോല്‍ക്കുമെന്നതാണ് വസ്തുത. അതുകൊണ്ടാണ് അന്‍വര്‍ പലവട്ടം അടുത്ത ചുവടുവയ്പ്പില്‍ ചിന്തിക്കുന്നത്. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മഞ്ചേരിയിലെ പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിര്‍ന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. മകന്‍ റിസ്വാനും അന്‍വറിനൊപ്പം ചെന്നൈയിലുണ്ടായിരുന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അതിന്റെ നേതൃത്വത്തില്‍ മകനെ നിയോഗിക്കുമെന്നും സൂചനയുണ്ട്.
തല്‍കാലം അംഗത്വം എടുക്കാതെ അയോഗ്യതാ പ്രശ്‌നം മറികടക്കുമെന്നാണ് വിലയിരുത്തല്‍. പി.വി. അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കോയെന്ന കാര്യത്തില്‍ ഉൾപ്പെടെ ഞായറാഴ്ച വ്യക്തതവരും. ഡി.എം.കെ. ബന്ധം ഏതുതരത്തിലായിരിക്കും എന്ന് ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അന്‍വര്‍ പ്രഖ്യാപിച്ചേക്കും.
ജനകീയ-കര്‍ഷക മുന്നണിയായി ജനാധിപത്യപ്രസ്ഥാനത്തിന് തുടക്കമിടുകയും ക്രമേണ ഡിഎംകെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുകയുമാണ് അന്‍വറിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍സെക്രട്ടറിയും നീലഗിരി എം.പി.യുമായ എ. രാജ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പി.വി. അന്‍വര്‍ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.
സി.പി.എമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ പി.വി. അന്‍വര്‍ ഡി.എം.കെ. നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു. നിലമ്പൂരില്‍ പി.വി. അന്‍വറിനൊപ്പമുള്ള ചില നേതാക്കള്‍ ഡി.എം.കെ.യുടെ കൊടി ഉള്‍പ്പെടെയുള്ള അടയാളങ്ങളുമായി ഫെയ്സ്ബുക്ക് പോസ്റ്റുകളും ഇട്ടിരുന്നു. മഞ്ചേരി ജസീല ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആറുമണിക്കാണ് പൊതുയോഗം.
അധികമാരെയും അറിയിക്കാതെയാണ് പി.വി. അന്‍വര്‍ ശനിയാഴ്ച ചെന്നൈയിലേക്കു പോയത്. രാവിലെ എടവണ്ണയിലെ വീട്ടില്‍ കാണാമെന്ന് അറിയിച്ചിരുന്നതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അദ്ദേഹം ചെന്നൈയിലേക്കു പോയതായി പറയുന്നത്.