‘നിങ്ങളുടെ മകൻ ഒരു കേസില്‍പെട്ടു. പത്രത്തില്‍ പടവും വാർത്തയും വരും. ഒഴിവാക്കാൻ എന്തുചെയ്യാൻ പറ്റും’ ; പുതിയ തരം തട്ടിപ്പ് ; തട്ടിപ്പുസംഘം കബളിപ്പിക്കാൻ ശ്രമിച്ചത് കോട്ടയം സ്വദേശിയായ മുൻപത്രപ്രവർത്തകനെ
സ്വന്തം ലേഖകൻ
കോട്ടയം: ‘നിങ്ങളുടെ മകൻ ഒരു കേസില്‍പെട്ടു. പത്രത്തില്‍ പടവും വാർത്തയും വരും. ഒഴിവാക്കാൻ എന്തുചെയ്യാൻ പറ്റും’ എന്നുചോദിച്ച് നിങ്ങളെത്തേടി സന്ദേശമോ വിളിയോ വന്നാല്‍ തിരിച്ചറിയുക. അത് പുതിയ തരം തട്ടിപ്പാണ്. പരിഭ്രാന്തരായ നിങ്ങള്‍ അവർ ചോദിക്കുന്ന പണം നല്‍കുംമുമ്ബ് സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.
കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ മുൻപത്രപ്രവർത്തകനെയാണ് തട്ടിപ്പുസംഘം കബളിപ്പിക്കാൻ ശ്രമിച്ചത്. മയക്കുമരുന്ന് കേസില്‍ മകൻ അസമില്‍ പൊലീസിന്‍റെ പിടിയിലായെന്നും രക്ഷിക്കാൻ എന്തുചെയ്യാൻ പറ്റുമെന്നുമായിരുന്നു ചോദ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസമില്‍ പൊലീസ് പിടിയിലാണെന്നു പറഞ്ഞ മകൻ കൂടെ ഉണ്ടായിരുന്നതിനാല്‍ പിതാവ് തട്ടിപ്പിനിരയായില്ല. വയനാട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ഫോണില്‍ വാട്സ് അപ് വിളിവന്നത്.
ഡി.പിയില്‍ പൊലീസ് വേഷത്തിലുള്ള ആളെയാണ് കണ്ടത്. ഉത്തരവാദപ്പെട്ട ആരോ ആണെന്നു കരുതി കാള്‍ എടുത്തു. അസമിലെ ഒരു സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണെന്നാണ് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരം. ‘നിങ്ങളുടെ മകൻ മയക്കുമരുന്ന് കേസില്‍ ഞങ്ങളുടെ കൈയിലുണ്ട്. സി.ബി.ഐക്ക് റിപ്പോർട്ട് നല്‍കി. നാളത്തെ പത്രത്തില്‍ മകന്‍റെ പടവും വാർത്തയും വരും. മകനെ രക്ഷിക്കാൻ നിങ്ങള്‍ക്ക് എന്തുചെയ്യാൻ കഴിയും’ എന്നായിരുന്നു ചോദ്യം.
മകൻ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ധൈര്യത്തില്‍ എന്താണെന്നു വെച്ചാല്‍ ചെയ്തോ എന്ന് മറുപടി നല്‍കിയതോടെ ഫോണ്‍ കട്ടായി. ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ പാകിസ്താൻ നമ്പർ ആണ് കാണിക്കുന്നത്. സാമ്പത്തിക നഷ്ടം സംഭവിക്കാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം മറ്റു പലരോടും പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ഉണ്ടെന്നറിഞ്ഞത്.
വിശ്വസിപ്പിക്കാൻ അവർ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മകന്‍റെ ഫോട്ടോ കാണിക്കുകയും ശബ്ദം കേള്‍പ്പിച്ചെന്നുമിരിക്കും. മക്കള്‍ പുറത്ത് പഠിക്കുന്നവരാണെങ്കില്‍ മാതാപിതാക്കള്‍ ഇത് വിശ്വസിക്കാനാണ് സാധ്യത.