play-sharp-fill
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ വിലക്കയറ്റത്തിന്റെ ഇരട്ടിപ്രഹരം;  മരുന്നുകള്‍, വെള്ളക്കരം, ഭൂനികുതി, എന്നിവ മുതല്‍ ടോള്‍ വരെ കൂടും

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ വിലക്കയറ്റത്തിന്റെ ഇരട്ടിപ്രഹരം; മരുന്നുകള്‍, വെള്ളക്കരം, ഭൂനികുതി, എന്നിവ മുതല്‍ ടോള്‍ വരെ കൂടും

സ്വന്തം ലേഖകൻ

കൊച്ചി: സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ വിലക്കയറ്റത്തിന്റെ ഇരട്ടിപ്രഹരം വരിക്കാന്‍ ഏവരും തയാറെടുക്കേണ്ടതുണ്ട്. ജൂലൈയിലെ ബജറ്റ് സമ്മേളനത്തിലാണ് ബില്‍ പാസാക്കുകയുള്ളൂവെങ്കിലും ഇന്നു മുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. പതിവുപോലെ ഇന്ധനവിലക്കയറ്റം ഇന്നും തുടര്‍ന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും, ഡീസല്‍ ലിറ്ററിന് 84 പൈസയും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ ലിറ്ററിന് 112 രൂപയോടും, ഡീസല്‍ ലിറ്ററിന് 101 രൂപയോടും അടുക്കുകയാണ്.


ഏപ്രില്‍ ഒന്നു മുതല്‍ വില വര്‍ധിക്കുന്ന ചില കാര്യങ്ങള്‍ ഒന്നു നോക്കാം. വാതക വില കൂടി പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം വാണിജ്യ വാതക വിലയും ഇന്നു കുതിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2,256 രൂപ ആയി. ഇതിനു പുറമേ സി.എന്‍.ജി. വിലയും വര്‍ധിച്ചു. കിലോയ്ക്ക് 71 രൂപയില്‍ നിന്നു 80 രൂപയിലേക്കാണ് കുതിച്ചത്. മൂന്നു മാസം മുമ്പ് ഇത് ഏകദേശം 54 രൂപ മാത്രമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനവിലക്കയറ്റം ചരക്ക് ഗതാഗതത്തെയും പച്ചക്കറി- പലചരക്ക് വിലയേയും സാരമായി ബാധിച്ചിരിക്കെ, ഇന്നു മുതല്‍ ടോള്‍ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. രാജ്യമെങ്ങും വിലവര്‍ധന ബാധകമാണ്. ടോള്‍ നിരക്കില്‍ 10 ശതമാനത്തോളം വര്‍ധനയാണ് വരുത്തിയത്. കുടിവെള്ളത്തിന്നും വില കുതിക്കുന്ന അവസ്ഥയാണുള്ളത്. ഇന്നു മുതല്‍ വെള്ളക്കരം അഞ്ചു ശതമാനമാണ് കൂടുന്നത്. നഗര മേഖലയിലുള്ളവരെയാകും ഈ നിരക്കു വര്‍ധന കൂടുതലായും ബാധിക്കുക.

വില്ലേജ് ഓഫീസുകളില്‍ അടയ്‌ക്കേണ്ട അടിസ്ഥാന ഭൂനികുതി ഇന്നു മുതല്‍ ഇരട്ടിയോളം വര്‍ധിക്കുകയാണ്. ആകെ ഒരു ആശ്വാസം ഓണ്‍ലൈനായി നികുതി അടയ്ക്കാം എന്നതു മാത്രമാണ്. ഇന്നു മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കല്‍ നിരക്കുകള്‍ വര്‍ധിക്കുകയാണ്. പഴയ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുക്കിയ നിരക്കുകളില്‍ 18 ശതമാനത്തോളം വര്‍ധനയുണ്ട്.

പുതിയ ഡീസല്‍ കാറുകള്‍ക്ക് 1,000 രൂപയാണ് പുതുക്കിയ ഹരിതനികുതി. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും, ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയും 15 വര്‍ഷത്തേക്ക് ഹരിതനികുതി നല്‍കണം. മണ്ണുമാന്തി യന്ത്രങ്ങള്‍ പോലുള്ള മറ്റു ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപയാണ് ഹരിത നികുതി. ഓട്ടോറിക്ഷയ്ക്ക് 500 രൂപ. ധനകാര്യ ബില്ലിലാണ് ഈ നിരക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈയിലെ ബജറ്റ് സമ്മേളനത്തിലാണ് ബില്‍ പാസാക്കുകയുള്ളൂവെങ്കിലും ഇന്നു മുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. ഡീസല്‍ ഓട്ടോകളെ ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. അധിക വരുമാനം കണ്ടെത്താനും, ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഹരിതനികുതി.

ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ധാരണയായിരുന്നു. ഈ നിരക്കുകള്‍ ഫലത്തില്‍ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുക ഈ മാസം മുതലാകും. ബസ് യാത്രയുടെ അടിസ്ഥാന നിരക്ക് 10 രൂപയായുഗ, ഓട്ടോയുടെ 30 രൂപയായും, ടാക്‌സിയുടെ 200 രൂപയായുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

മിനിമം നിരക്ക് മുമ്പ് അഞ്ചു കിലോമീറ്ററിന് ആയിരുന്നെങ്കില്‍, കൊവിഡ് കാലത്ത് ഇത് 2.5 കിലോമീറ്റായി കുറച്ചിരുന്നു. നിലവിലെ നിരക്കു വര്‍ധനയിലും ഇതേ ഫെയര്‍ സ്‌റ്റേജ് തുടര്‍ന്നതിനാല്‍ സാധാരണക്കാരുടെ യാത്രച്ചെലവ് പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800ല്‍ അധികം അവശ്യമരുന്നുകളുടെ വിലയും ഇന്നു മുതല്‍ വര്‍ധിക്കും. മരുന്നുകളുടെ വില 10.7 ശതമാനത്തിലധികം ഉയരും. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവ വില വര്‍ധിക്കുന്ന മരുന്നുകളില്‍ ഉള്‍പ്പെടും.

പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാകും ്രധാനമായും വര്‍ധിക്കുക. പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകള്‍ വില കൂടുന്നവയില്‍ ഉള്‍പ്പെടുന്നു.

നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളുടെയും വില വര്‍ധിക്കും. പ്രമുഖ കമ്പനികള്‍ ഇതോടകം വില വര്‍ധന പ്രഖ്യാപിച്ചു കഴിച്ചു. ഇന്ധനവിലക്കയറ്റമാണ് ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ലൈഫ്‌ബോയ്, ലക്‌സ്, പിയേഴ്‌സ് സോപ്പുകള്‍ കൂടാതെ സര്‍ഫ് എക്‌സല്‍ മാറ്റിക്, കംഫര്‍ട്ട് ഫാബ്രിക് കണ്ടീഷണര്‍, ഡോവ് ബോഡി വാഷ് തുടങ്ങി ക്ലീനിങ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു. 3- 10 ശതമാനമാണ് വില വര്‍ധന. മറ്റു കമ്പനികളും വില വര്‍ധന തുടര്‍ന്നേകും. ഇതു കൂടാതെ റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നത് ഭക്ഷ്യയെണ്ണയുടെ വിലക്കയറ്റത്തിനും വഴിവച്ചിട്ടുണ്ട്.