നേവിസിന് ആദരാഞ്ജലി അർപ്പിച്ച് വി.എൻ.വാസവനും, വീണാ ജോർജും; മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമെന്ന് മന്ത്രിമാർ
സ്വന്തം ലേഖകൻ
കോട്ടയം: അവയവദാനത്തിലൂടെ ഏഴു പേർക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവാതൂർ കളത്തിൽപ്പടി ചിറത്തിലത്ത്
നേവീസിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അവയവങ്ങൾ ദാനം ചെയ്യാനുള്ള നേവിസിന്റെ മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രിമാർ പറഞ്ഞു.
ഏഴുപേർക്ക് പുതുജീവനേകാൻ കഴിഞ്ഞ മാതാപിതാക്കളുടെ തീരുമാനത്തെ സർക്കാർ ആദരവോടെ കാണുന്നതായും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നേവിസിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാനുള്ള മാതാപിതാക്കളുടേയും കുടുംബാംഗങ്ങളുടേയും തീരുമാനത്തോട് നന്ദിയും ആദരവും അറിയിക്കുന്നതായും അനശ്വരമായ ഓർമ്മകൾ അവശേഷിപ്പിച്ചാണ് നേവിസ് കടന്നുപോയതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
നേവിസിന്റെ അച്ഛൻ സാജൻ മാത്യു, അമ്മ ഷെറിൻ, സഹോദരൻ എൽവിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രിമാർ സർക്കാരിന്റെ ആദരവ് അറിയിച്ചു. ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്നത്തെത്തുടർന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചതും. കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കുടുംബം ദാനം ചെയ്തത്. ഏഴ് പേർക്കാണ് അതിലൂടെ പുതുജീവിതം ലഭിച്ചത്. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവയവ വിന്യാസത്തിനായി സർക്കാർ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. അവയവം സ്വീകരിച്ചവർ അതത് ആശുപത്രികളിൽ സുഖം പ്രാപിച്ചു വരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group