play-sharp-fill
നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചേക്കും; നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി; സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്

നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചേക്കും; നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി; സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളി നടക്കാനുള്ള സാധ്യത മങ്ങുന്നു. വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു നിവേദനം നൽകിയ കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളോടാണു മുഖ്യമന്ത്രിയും മന്ത്രിയും ഇക്കാര്യം പറഞ്ഞത്. എന്നാൽ, വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും ഓണം കഴിഞ്ഞു നടത്താൻ സാധ്യതയുണ്ടെന്നും കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. നാളെ ചേരുന്ന കലക്ടർമാരുടെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.”

“ഇക്കൊല്ലം വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും അതിനു പറ്റിയ സമയമല്ല ഇതെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വള്ളംകളിക്കു സർക്കാർ സഹായം നൽകാൻ കഴിയില്ലെന്നു മന്ത്രി വ്യക്തമാക്കി. എന്നാൽ, ബോട്ട് ക്ലബ്ബുകളും വള്ളം ഉടമകളും മറ്റും ചേർന്നു സ്വന്തം നിലയ്ക്കു നടത്തുന്നതിനു തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. ചാംപ്യൻസ് ബോട്ട് ലീഗ് ഇത്തവണയില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.”

വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയ നിവേദനം അദ്ദേഹം വായിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. മന്ത്രിമാരായ വി.എൻ.വാസവൻ, പി.പ്രസാദ് എന്നിവരെയും പ്രതിനിധികൾ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കാനായിരുന്നു അവരുടെ നിർദേശം. വയനാട് ദുരന്തത്തെത്തുടർന്നു വള്ളംകളി മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഓണത്തിനു ശേഷം നടത്തിയേക്കുമെന്ന പ്രതീക്ഷ മന്ത്രിമാർ ഉൾപ്പെടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 10നു വള്ളംകളി നടത്താനുള്ള ആദ്യ തീരുമാന പ്രകാരം നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കു വൻ ബാധ്യതയും ബോട്ട് ക്ലബ്ബുകൾക്കും കരകൾക്കും വലിയ ചെലവും ഉണ്ടായിട്ടുണ്ട്. വള്ളംകളി നടത്തിയാൽ ബോട്ട് ക്ലബ്ബുകൾക്കു നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന പ്രശ്നവും സർക്കാരിനു മുന്നിലുണ്ട്. ഇനിയൊരു തീയതി നിശ്ചയിച്ചാൽ ടിക്കറ്റുകൾ വിൽക്കുന്നതും സംഘാടകർക്കു പ്രയാസമാകും.”