പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഗ്രാമീണ റോഡുകളുടെ ഇരുവശത്തുമായി വിശാലമായ പാടശേഖരം; യാത്രാസ്നേഹികളെ ആകർഷിച്ച് വിനോദസഞ്ചാര ഭൂപടത്തില്‍ ഇനി കോട്ടയം നീണ്ടൂരും
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: നീണ്ടൂര്‍ പഞ്ചായത്ത് അതിന്റെ സര്‍വ സാദ്ധ്യതകളും വിനിയോഗിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയില്‍ നീണ്ടൂർ ഉൾപ്പെട്ടതോടെ തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വി.എന്‍.വാസവന്റെ ശ്രമഫലമായാണ് നീണ്ടൂര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നീണ്ടൂരിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയായ നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബ് ആക്കി ഉയര്‍ത്താനുള്ള പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണ്.
പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഗ്രാമീണ റോഡുകളുടെ ഇരുവശത്തുമായി വിശാലമായ പാടശേഖരം. അതിലെ നെല്‍കൃഷിയും തെങ്ങിന്‍ തോപ്പും നീണ്ടൂരിന്റെ തനത് നാടന്‍ മത്സ്യരുചിയും ഔഷധ കൂട്ട് ചേര്‍ത്ത നാടന്‍ കള്ളുമാെക്കെയായി സഞ്ചാര പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമാകും ഇനിമേല്‍ നീണ്ടൂര്‍ ഗ്രാമം.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നീണ്ടൂരിന്റെ സൗന്ദര്യം വിനാേദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തി സ്വന്തം പുരയിടവും കൃഷിയിടവും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്ത ജാേയി ചെമ്മാച്ചേലിനെ നന്ദി പൂര്‍വം സ്മരിക്കുകയാണ് നാട്ടുകാർ..
വൈകുന്നേരങ്ങള്‍ ഉല്ലാസകരമാക്കുന്നതിനായി പുഞ്ചവയല്‍ക്കാറ്റ്, കൈപ്പുഴക്കാറ്റ് എന്ന രണ്ട് കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ടേയ്ക്ക് എ ബ്രൈക്ക് പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവില്‍ ഇവിടെ കഫേ ഷോപ്പ്, ഐസ് ക്രീം പാര്‍ലര്‍, വയോജന പാര്‍ക്ക് എന്നിവ നിര്‍മ്മിച്ചു വരുന്നു. ഫ്‌ളവര്‍ സ്ട്രീറ്റ് പദ്ധതി പ്രകാരം റോഡുകള്‍ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുകയും ചെയ്തു.