എന്റെ മകന്റെ മൃതദേഹം എപ്പോഴാണ് കൊണ്ടുവരിക, എനിക്കവനെ കാണണം’; ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം താങ്ങാവുന്നതായിരുന്നുവെങ്കില്‍ മകനെ യുക്രൈനിലേക്ക് അയക്കേണ്ടിവരില്ലായിരുന്നെന്നും അങ്ങനെയായിരുന്നുവെങ്കില്‍ അവനെ നഷ്ടപ്പെടില്ലായിരുന്നെന്നും നവീന്‍റെ പിതാവ്
സ്വന്തം ലേഖിക
ബെംഗളൂരു: മകന്റെ മൃതദേഹം എപ്പോഴാണ് കാണാനാവുക എന്ന ചോദ്യം മാത്രമാണ് ഇനിയവർക്ക് ചോദിക്കാനുള്ളത്. കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്.ജിയുടെ മാതാപിതാക്കളാണ് മകന്‍റെ മൃതദേഹമെങ്കിലും ഒരു നോക്കു കാണാന്‍ എപ്പോള്‍ സാധിക്കുമെന്നറിയാതെ വിലപിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് നടന്ന ഷെല്ലാക്രമണത്തിലാണ് കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്.ജി. കൊല്ലപ്പെട്ടത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.
ദിവസത്തില്‍ മൂന്ന് തവണ വാട്ട്സ്ആപ്പില്‍ സംസാരിച്ചിരുന്ന തന്റെ മകന്‍ ഇനിയില്ലെന്നറിഞ്ഞതോടെ നവീനിന്റെ പിതാവ് ശേഖര്‍ ഗ്യാന ഗൗഡറിന്റെ ദുഖം അതിരുവിട്ടു. വാര്‍ത്ത കേട്ട് നവീന്റെ മാതാവ് വിജയലക്ഷ്മി ബോധരഹിതയായി. നവീന്റെ മരണവാര്‍ത്ത പരന്നതോടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും അദ്ദേഹത്തിന് ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, ‘എന്റെ മകന്റെ മൃതദേഹം എപ്പോഴാണ് തിരികെ കൊണ്ടുവരുന്നത്? എനിക്ക് അവനെ കാണണം…’
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും മകന് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അവനെ പഠനത്തിനായി യുക്രൈനിലേക്ക് അയക്കേണ്ടിവന്നു. പക്ഷേ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടു. ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം താങ്ങാവുന്നതായിരുന്നുവെങ്കില്‍ മകനെ യുക്രൈനിലേക്ക് അയക്കേണ്ടിവരില്ലായിരുന്നെന്നും അങ്ങനെയായിരുന്നുവെങ്കില്‍ അവനെ നഷ്ടപ്പെടില്ലായിരുന്നെന്നും പറഞ്ഞു. മകനെ തിരിച്ചെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നും ശേഖര്‍ പറഞ്ഞു.
അബുദാബിയില്‍ എഞ്ചിനീയറായി ജോലിചെയ്തിരുന്ന ശേഖര്‍ ഗൗഡര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ തിരിച്ചെത്തി നഞ്ചന്‍ഗുഡിലെ സൗത്ത് ഇന്ത്യ പേപ്പര്‍ മില്‍സ് ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് വിവരമിച്ച അദ്ദേഹം ചാലഗേരിയില്‍ കൃഷി ആരംഭിച്ചു. റാണെബെന്നൂരിലെ സെന്റ് ലോറന്‍സ് സ്‌കൂളില്‍ പ്രൈമറിയും ഹയര്‍ പ്രൈമറിയും പൂര്‍ത്തിയാക്കിയ നവീന്‍ മൈസൂരില്‍ നിന്നാണ് ഹൈസ്‌കൂളും പ്രീ-യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയത്. നീറ്റ് എഴുതിയിരുന്നുവെങ്കിലും നല്ല റാങ്ക് ലഭിക്കാത്തതിനാല്‍ ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അര്‍ഖിടെക്തോറ ബെകെറ്റോവ മെട്രോ സ്റ്റേഷനിലെ ബങ്കറില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തുവന്ന നവീന്‍ ഒരു കടയില്‍ വരിനില്‍ക്കുമ്പോഴായിരുന്നു ഷെല്‍ പതിച്ചത്. സമീപത്തെ ഭരണ ആസ്ഥാനമന്ദിരമായിരുന്നു റഷ്യ ലക്ഷ്യമിട്ടത്. ഒട്ടേറെപ്പേര്‍ ഇവിടെ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികള്‍ സുരക്ഷിതരായി മടങ്ങിവരാന്‍ കാത്തിരിക്കുന്ന രക്ഷിതാക്കളില്‍ ആശങ്ക വര്‍ധിപ്പിച്ച സംഭവം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഇന്ത്യയുടെ നയതന്ത്രമേഖലയ്ക്കും ആഘാതമായി.