സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയില്‍ ഇളവ് തേടി നവകേരള സദസ്സില്‍ പരാതി നൽകി ; ഒരു ദിവസത്തെ പണിയും കളഞ്ഞ് മെനക്കെട്ടു ;കുറച്ച തുക വെറും 515 രൂപ ; പരമാവധി ഇളവ് നല്‍കി, പരാതി തീര്‍പ്പാക്കിയെന്നുമായിരുന്നു പരാതിക്കാരന് കിട്ടിയ മറുപടി.
കണ്ണൂർ : കണ്ണൂരില്‍ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയില്‍ ഇളവ് തേടി നവകേരള സദസ്സില്‍ പരാതി നല്‍കിയയാള്‍ക്ക് കുറച്ച തുക വെറും 515 രൂപ. പരമാവധി ഇളവ് നല്‍കിയെന്നും പരാതി തീര്‍പ്പാക്കിയെന്നുമായിരുന്നു പരാതിക്കാരന് മറുപടി കിട്ടിയത്. എന്നാല്‍ കുറച്ച തുക കേട്ടപ്പോള്‍ ഞെട്ടിപ്പോയി, വെറും 515 രൂപയാണ് ഇയാള്‍ക്ക് കുറച്ചുനല്‍കിയത്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കെടുത്തത് നാല് ലക്ഷം രൂപയാണ്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയില്‍ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോള്‍ അവിടെ പോയി അപേക്ഷ നല്‍കി.
കുടിശ്ശിക ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം. ഒരു ദിവസം പണി കളഞ്ഞ്, ഇരിട്ടി വരെ പോയി നല്‍കിയ അപേക്ഷയാണ്. എങ്കിലും പരാതിക്ക് കൃത്യമായി മറുപടികള്‍ വന്നു. ഡിസംബര്‍ ആറിന് പരാതി തീര്‍പ്പാക്കിയതായി സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. താങ്കള്‍ക്ക് പരമാവധി ഇളവ് നല്‍കാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങള്‍ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇളവ് ചെയ്ത തുക എത്രയെന്നല്ലേ? വെറും 515 രൂപ. കുടിശ്ശിക തുകയുടെ 0.13 ശതമാനം. അതായത് 397731 രൂപയില്‍ നിന്ന് 515 രൂപ കുറച്ച് ബാക്കി 3,97216 രൂപ ഈ മാസം 31നകം ബാങ്കില്‍ അടയ്ക്കണം. ഇളവ് അനുവദിക്കാൻ വകുപ്പില്ല എന്ന മറുപടിയായിരുന്നെങ്കില്‍ ഇതിലും ഭേദമെന്നാണ് അപേക്ഷകൻ പറയുന്നത്. കണ്ണൂരില്‍ നവകേരള സദസ്സിലെ പരാതികളില്‍ ഏറ്റവുമധികം തീര്‍പ്പാക്കിയത് സഹകരണ വകുപ്പാണ്. അതിലൊന്നാണ് ഈ തീര്‍പ്പാക്കിയതുമെന്നാണ് കൗതുകം.