തിരക്കേറിയ എം.സി റോഡിൽ പട്ടാപ്പകൽ ടാറിംഗ്: നഗരം വ്യാഴാഴ്ച കുരുക്കിൽ കുരുങ്ങി നട്ടംതിരിയും; നാഗമ്പടം പാലത്തിലെ ടാറിംഗ് വ്യാഴാഴ്ച രാവിലെ മുതൽ: രക്ഷപെടാൻ ഈ വഴികളിലൂടെ തിരിഞ്ഞു പോകുക

തിരക്കേറിയ എം.സി റോഡിൽ പട്ടാപ്പകൽ ടാറിംഗ്: നഗരം വ്യാഴാഴ്ച കുരുക്കിൽ കുരുങ്ങി നട്ടംതിരിയും; നാഗമ്പടം പാലത്തിലെ ടാറിംഗ് വ്യാഴാഴ്ച രാവിലെ മുതൽ: രക്ഷപെടാൻ ഈ വഴികളിലൂടെ തിരിഞ്ഞു പോകുക

തേർഡ് ഐ ബ്യൂറോ

കോട്ടയം: വർഷങ്ങൾ നീണ്ടു നിന്ന കാത്തിരിപ്പിനു ശേഷം ടാറിംഗിലേയ്ക്ക് കടക്കുന്ന നാഗമ്പടം മേൽപ്പാലം വ്യാഴാഴ്ച കോട്ടയം നഗരത്തിന് പരീക്ഷണത്തിന്റെ വേദിയായി മാറും. കോട്ടയം നഗരത്തെ ഗതാഗതക്കുരുക്കിൽ മുക്കിയെടുക്കാൻ ഇന്ന് പട്ടാപ്പകൽ ടാറിംഗ് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസമെടുത്ത് നടത്തുന്ന ടാറിംഗിനായി പഴയ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതിനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ, പുലർച്ചെ മുതൽ തന്നെ ഗതാഗത നിയന്ത്രണവും പ്രാബല്യത്തിലാകും. ഇതോടെ നഗരം ഗതാഗതക്കുരുക്കിൽ കുരുങ്ങുമെന്ന് ഉറപ്പാണ്. ടാറിംഗ് പൂർത്തിയാകാൻ രണ്ടു ദിവസം വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. ഇങ്ങനെയെങ്കിൽ ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കും.
ബുധനും വ്യാഴവും ടാർ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ടാർ മിക്‌സിംഗ് പ്ലാന്റിനു സംഭവിച്ച തകരാറാണ് അധികൃതരുടെ ശ്രമങ്ങളെല്ലാം തെറ്റിച്ചത്. ഇതേ തുടർന്നാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ടാറിംഗ് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസം പകൽ സമയത്ത് ടാർ ചെയ്യുന്നത് വഴി ഗതാഗത തടസം ഒഴിവാക്കി എത്രയും വേഗം ടാറിംഗ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച ടാറിംഗ് നടക്കുന്നതിനാൽ നാഗമ്പടത്ത് ഗതാഗതം നിരോധിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ചെറിയ നിയന്ത്രണങ്ങളാണ് നാഗമ്പടത്ത് ഏർപ്പെടുത്തിരിക്കുന്നത്. എന്നാൽ, ഈ നിയന്ത്രണങ്ങൾ എത്രത്തോളം ഫലം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. പുതിയ പാലത്തിലൂടെ ഒരു വശത്തേയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതിനാണ് പദ്ധതി. ടാറിംഗ് നടക്കുമ്പോൾ തന്നെ ഇത്തരത്തിൽ വാഹനങ്ങൾ കടത്തി വിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
നഗരത്തിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളാണ് പുതിയ പാലത്തിലൂടെ കടത്തി വിടുന്നത്. പാലത്തിന്റെ ഒരു വശത്ത് ടാറിംഗ് നടക്കുമ്പോൾ മറുവശത്തു കൂടി വാഹനങ്ങൾ കടത്തി വിടും.
നവംബർ ഒന്നിനാണ് പാലത്തിൽ മെറ്റൽ നിരത്തി റോഡ് ടാറിംഗിനു മുന്നോടിയായി തുറന്നു കൊടുത്തത്. വാഹനങ്ങൾ കയറി റോഡ് നിരപ്പ് ഉറപ്പാകുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ തുറന്നു കൊടുത്തത്. എന്നാൽ, കനത്ത മഴയ്‌ക്കൊപ്പം ടാറിന്റെ ലഭ്യത കുറഞ്ഞതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്.
ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ നഗരത്തിലെ ഇടറോഡുകളെ കൃത്യമായി ഉപയോഗിച്ചാൽ മതിയെന്നാണ് വ്യക്തമാകുന്നത്. ആ റോഡുകൾ ഇങ്ങനെ

ഏറ്റുമാനൂർ ഭാഗത്തു നിന്നു കഞ്ഞിക്കുഴി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, വട്ടമ്മൂട് പാലത്തിൽ നിന്നു തിരിഞ്ഞ് എ.ആർ ക്യാമ്പ് ഭാഗം വഴി കെ.കെ റോഡിലേയ്ക്ക് പ്രവേശിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറേറ്റ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, ഗുഡ്‌ഷെഡ് റോഡ് വഴി തിരിഞ്ഞ് മുള്ളങ്കുഴി മേൽപ്പാലം വഴി റെയിൽവേ സ്റ്റേഷൻ റോഡ് വഴി കളക്ടറേറ്റിൽ എത്താവുന്നതാണ്.

കോട്ടയം നഗരത്തിൽ നിന്നു മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ നിന്നും, ചുങ്കം കുടയംപടി വഴി റോഡിലൂടെ മെഡിക്കൽ കോളേജിലേയ്ക്ക് പോകുകയാണെങ്കിൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കും. ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്കും ഈ വഴി ഉപയോഗിക്കാം.