മൈസുരു കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലെടുത്തു; പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്ന് സൂചന; പ്രതികളെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി എച്ച് ഡി കുമാരസ്വാമി
സ്വന്തം ലേഖകന്‍
ബാംഗ്ലൂര്‍: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് അതില്‍ നാല് നമ്പറുകള്‍ പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തിയത്. മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്നാട്ടുകാരുനുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ മൈസൂരു പീഡനക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് പ്രതികളെ വെടിവച്ചു കൊല്ലുന്നത് ക്രിമിനല്‍ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു. പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായിട്ടുണ്ട്.