ജലവിതരണത്തിനായി ടാങ്കര്‍ വിട്ടുനൽകാൻ വിസമ്മതിച്ച് ഡ്രൈവർ ; നടുറോഡിൽ  ടാങ്കർ ‘പൊക്കി’ വനിതാ വെഹിക്കിൾ ഇൻസ്‌പെക്ടർ

ജലവിതരണത്തിനായി ടാങ്കര്‍ വിട്ടുനൽകാൻ വിസമ്മതിച്ച് ഡ്രൈവർ ; നടുറോഡിൽ ടാങ്കർ ‘പൊക്കി’ വനിതാ വെഹിക്കിൾ ഇൻസ്‌പെക്ടർ

സ്വന്തം ലേഖകൻ

എറണാകുളം: കുടിവെള്ള വിതരണത്തിന് വിട്ടുകൊടുക്കാതിരുന്ന ടാങ്കർ ലോറി സിനിമാ സ്റ്റൈലിൽ പിടിച്ചെടുത്ത് വനിതാ വെഹിക്കിൾ ഇൻസ്പെക്ടർ താരമായി.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വണ്ടി വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെയും കിളിയെയും നടുറോഡില്‍ നിര്‍ത്തി എറണാകുളം ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സി. ഷീബ കൂളായി ഓടിച്ചു കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്‌പെക്ടറായ എം.പി. സുനില്‍കുമാറും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കളമശ്ശേരി ഭാഗത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഷീബയും സുനില്‍കുമാറും ചേര്‍ന്ന് ദേശീയപാതയിലൂടെ വന്ന കുടിവെള്ള ടാങ്കര്‍ലോറി തടഞ്ഞു നിര്‍ത്തുകയായിരുന്നു. കുമ്പളം പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താന്‍ ടാങ്കര്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ഷീബ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ നോട്ടീസ് വാങ്ങാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന്, ഡ്രൈവര്‍ ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു. ഉടമയുടെ നിര്‍ദേശപ്രകാരം വണ്ടി വിട്ടുനല്‍കില്ലെന്ന നിലപാട് ഇന്‍സ്‌പെക്ടര്‍മാരെ അറിയിച്ചു. ഇതോടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷീബയും സുനില്‍കുമാറും ഡ്രൈവറെ ഇറക്കി, വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വണ്ടി, ഷീബ ഓടിച്ച്‌ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

മരട് ജലശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്ന പാഴൂര്‍ പമ്പ് ഹൗസിലെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ദിവസങ്ങളായി നിലച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഈ തദ്ദേശ സ്ഥാപനങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജില്ലാ കളക്ടര്‍ രേണു രാജ് ദുരന്തനിവാരണ നിയമപ്രകാരം വണ്ടികള്‍ പിടിച്ചെടുത്ത് ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്താന്‍ ഉത്തരവിട്ടത്.

ഇതേത്തുടര്‍ന്ന് ടാങ്കര്‍ലോറി പിടികൂടാന്‍ എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തിറങ്ങുകയായിരുന്നു. മുപ്പത്തിലധികം ടാങ്കര്‍ ലോറികളാണ് ഇതിനോടകം മോട്ടോര്‍വാഹന വകുപ്പ് മുഖേന കൈമാറിയിട്ടുള്ളത്.