മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത് ഗൂഗിള്‍പേ വഴി; രണ്ട് പേര്‍ക്ക് സസ്പെൻഷൻ
കൊല്ലം: ഏജന്റിന്റെ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ മോട്ടോർവാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്പക്ടർ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനില്‍കുമാർ എന്നിവരെയാണ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്.
കഴിഞ്ഞ 4ന് രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികള്‍ ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം റോഡില്‍ വാഹന പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്. തുടർന്ന് വൻ തുകയുടെ കരട് ചെല്ലാൻ തയ്യാറാക്കി ഡ്രൈവർമാരെ വിരട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര മണിക്കൂർ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ ഒത്തുതീർപ്പെന്ന നിലയില്‍ ഇരുപതിനായിരം രൂപ ഏജന്റിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടർന്ന് കരട് ചെല്ലാൻ റദ്ദാക്കി.
ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് രഹസ്യ വിവരം ലഭിക്കുകയും നേരിട്ട് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എ.എം.വി ലിജിനും ഡ്രൈവർ അനില്‍കുമാറും ഒന്നര മണിക്കൂർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഏജന്റിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തി. അങ്ങിനെയാണ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.