യെച്ചൂരിയുടെ മരണത്തിന് തൊട്ടുപിന്നാലെ എം വി ഗോവിന്ദന് ഓസ്ട്രേലിയയിലേയ്ക്ക് ; യാത്ര തിരിച്ചതില്‍ വിമര്‍ശനം ; തള്ളി സിപിഎം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിന് തൊട്ടുപിന്നാലെ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചതില്‍ വിമര്‍ശനം.
വിമര്‍ശനം സിപിഎം തള്ളിക്കളഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് എം വി ഗോവിന്ദന് കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് യാത്ര. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യാത്രാ തീയതി മാറ്റിയിരുന്നു.
ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദന് പങ്കെടുക്കുന്നത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെന്, പെര്‍ത്ത് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചതും വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് പിബി അംഗം കൂടിയായ എംവി ഗോവിന്ദന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം. ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നും ആണ് സിപിഎമ്മിന്റെ നിലപാട്.