എനിക്കു വക്കിൽ വേണ്ട; ഞാൻ കുറ്റമേറ്റെടുത്തു കഴിഞ്ഞു; ഇനി ശിക്ഷവിധിച്ചാൽ മതി: പൊലീസിനു മുന്നിൽ എല്ലാം ഏറ്റുപറഞ്ഞു ബിലാൽ: മൂന്നു ദിവസം ബിലാലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എനിക്കു വക്കിൽ വേണ്ട; ഞാൻ കുറ്റമേറ്റെടുത്തു കഴിഞ്ഞു; ഇനി ശിക്ഷവിധിച്ചാൽ മതി: പൊലീസിനു മുന്നിൽ എല്ലാം ഏറ്റുപറഞ്ഞു ബിലാൽ: മൂന്നു ദിവസം ബിലാലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദമ്പതിമാരെ അതിക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാൽ കോടതിയിൽ എത്തിയപ്പോൾ പൊലീസിനു മുന്നിൽ ഏല്ലാം ഏറ്റു പറഞ്ഞു. ദമ്പതിമാരെ ആക്രമിച്ചു കൊലപ്പെടുത്തിയത് താനാണെന്നു ഏറ്റു പറഞ്ഞ പ്രതി, ഇനി വിചാരണ വേണ്ടെന്നും തനിക്കു ശിക്ഷ വിധിക്കാനും ആവശ്യപ്പെടുകയായിരുന്നു.

പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ കോടതിയിൽ അപേക്ഷ നൽകിയപ്പോഴാണ് പാലായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോടെ സിവിൽ സ്‌റ്റേഷൻ വളപ്പിലെ കോടതിയിൽ എത്തിച്ചത്. കോടതി വരാന്തയിലൂടെ നടക്കുന്നതിനിടെയാണ് ആത്മഗതം പോലെ പ്രതി പൊലീസുകാരോട് തനിക്കു വക്കീൽ വേണ്ടെന്നു വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ചെയ്ത കുറ്റം സ്വയം ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തിൽ തനിക്ക് ഇനി വിചാരണയെ നേരിട്ടു, ശിക്ഷയെ നേരിടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. അഭിഭാഷകൻ വേണ്ടെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ഇതിനു ശേഷം കോടതിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി പ്രതി പുറത്തുപോരുമ്പോഴും ഇയാൾക്കു ഭാവമാറ്റം ഒന്നുമില്ലായിരുന്നു. നിസംഗമായ ഭാവത്തോടെയാണ് ഇയാൾ കോടതിയിൽ കയറിയത്.

ജൂൺ ഒന്നിനു രാവിലെ പത്തു മണിയോടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിയെ ക്രൂരമായി ആക്രമിക്കുകയും (65), ഭാര്യ ഷീബ (60)യെ പ്രതി കൊലപ്പെടുത്തുകയും ചെയ്തത്. കേസിലെ പ്രതി താഴത്തങ്ങാടി വേളൂർ കരയിൽമാലി പറമ്പിൽ മുഹമ്മദ് ബിലാലിനെ(23) മൂന്നു ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ജൂൺ എട്ടിന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കൊലപാതകം നടത്തിയ ശേഷം പ്രതി ഇവരുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറുമായി രക്ഷപെടുകയായിരുന്നു. വീട് പൂട്ടി താക്കോലും, മൊബൈൽ ഫോണും സ്വർണാഭരണങ്ങളുമായാണ് പ്രതി രക്ഷപെട്ടത്. വീട്ടിൽ നിന്നും മോഷ്ടിച്ചിരുന്ന മൊബൈൽ ഫോൺ, താക്കോൽക്കൂട്ടം എന്നിവ തണ്ണീർമുക്കം ബണ്ടിൽ നിന്നും പ്രതി വലിച്ചെറിയുകയായിരുന്നു. ഈ താക്കോൽക്കൂട്ടവും ഫോണും കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് പൊലീസ് സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ, കോടതി റിമാൻഡ് ചെയ്‌തെങ്കിലും കോവിഡ് പരിശോധനയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി പ്രതിയെ പാലായിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നത്.

ശനിയാഴ്ച പ്രതിയെ ആദ്യം തണ്ണീർമുക്കം ബണ്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഇവിടെ നിന്നും മൂന്നുമൂല പെട്രോൾ പമ്പിലെത്തിക്കും, ആലപ്പുഴയിൽ പ്രതി താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു പ്രതിയുടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനായാണ് വിട്ടു നൽകിയത്.