“നൂറ് പവനും  ഒന്നേകാൽ ഏക്കർ സ്ഥലവും 12 ലക്ഷത്തിൻ്റെ ടൊയോട്ടോ യാരിസ് കാറും” കിട്ടിയിട്ടും ആർത്തി തീരാതെ ഒരുത്തൻ;  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ വിസ്മയയെ നിരന്തരം മർദ്ദിച്ചിരുന്നതായി പിതാവ്; മർദ്ദനം യാരിസിന് പകരം മുന്തിയ കാർ വേണമെന്നാവശ്യപ്പെട്ട്

“നൂറ് പവനും ഒന്നേകാൽ ഏക്കർ സ്ഥലവും 12 ലക്ഷത്തിൻ്റെ ടൊയോട്ടോ യാരിസ് കാറും” കിട്ടിയിട്ടും ആർത്തി തീരാതെ ഒരുത്തൻ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ വിസ്മയയെ നിരന്തരം മർദ്ദിച്ചിരുന്നതായി പിതാവ്; മർദ്ദനം യാരിസിന് പകരം മുന്തിയ കാർ വേണമെന്നാവശ്യപ്പെട്ട്

സ്വന്തം ലേഖകൻ

കൊല്ലം: അരക്കോടി രൂപയുടെ സ്വര്‍ണം, ഒന്നേകാൽ ഏക്കർ സ്ഥലം 12 ലക്ഷം രൂപയുടെ ടൊയാട്ടോ യാരിസ് കാര്‍ ഇത്രയും സ്ത്രീധനമായി ലഭിച്ചിട്ടും ആർത്തി തീരാതെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.

ഒരു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ നല്കിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്ന് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ശാംസ്താംകോട്ടയില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ പിതാവ് വിക്രമന്‍ നായര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസ്മയയുടെ ഭര്‍ത്താവ് മോട്ടോര്‍ വാഹന വകുപ്പ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ശാസ്താംകോട്ട ശാംസ്താനട സ്വദേശിയുമായ എസ്. കിരണ്‍കുമാര്‍ വിവാഹ ശേഷം സ്ത്രീധനമായി ലഭിച്ച കാറിനെ ചൊല്ലിയാണ് ആദ്യം പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് വിക്രമന്‍ നായര്‍ പറയുന്നത്.
തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറാണ് ടൊയാട്ടോ യാരിസെന്നും അതിനാല്‍ മറ്റൊരു മുന്തിയ കാര്‍ വേണമെന്നും പറഞ്ഞായിരുന്നു മകളെ ഉപദ്രവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബി.എ.എം.എസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28 കാരനായ കിരണ്‍ നിലവില്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി ഇയാള്‍ വഴക്ക് തുടങ്ങി.

പ്രധാനമായും കാറിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങള്‍. തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഈ വിവാഹം എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

ഇതു സംബന്ധിച്ച്‌ വിസ്മയുടെ പിതാവ് വിക്രമന്‍ നായരുമായി വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയിരുന്നു. 2021 ജനുവരിയില്‍ ഇയാളുടെ സഹോദരിയുടെ കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷത്തിനായി പോകുകയും അവിടെ വച്ച്‌ അമിതമായി മദ്യപിച്ച്‌ വിസ്മയയുമായി പ്രശ്നം ഉണ്ടാവുകയും ചെയ്തു.

പിന്നീട് അവിടെ നിന്നും കാറില്‍ നിലമേലിലെ വീട്ടിലെത്തുകയും അവിടെ വച്ച്‌ വിസ്മയയെ അടിക്കുകയും ചെയ്തു. ഇത് കണ്ട് നേവിയില്‍ ഉദ്യോഗസ്ഥനായ സഹോദരന്‍ ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ സഹോദരനെയും ഇയാള്‍ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തില്‍ സഹോദരന്റെ തോളെല്ലിന് പൊട്ടലുണ്ടായി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയതു കണ്ട് ഇയാള്‍ അവിടെ നിന്നും ഓടി പ്പോകുകയും പട്രോളിങ്ങിലായിരുന്ന പൊലീസിന്റെ മുന്നില്‍ എത്തിപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോകുകയും വിസ്മയയുടെ സഹോദരന്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ സംഭവം അറിഞ്ഞ് സഹപ്രവര്‍ത്തകരായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനിലെത്തുകയും കേസെടുക്കരുതെന്നും ഇനിയും ഒരുപാട് സര്‍വ്വീസുള്ള ഇയാളുടെ ജോലി നഷ്ടപ്പെടുമെന്നും അറിയിച്ചു. തുടര്‍ന്ന് എല്ലാവരുടെയും സാന്നിധ്യത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

 

ജനുവരിയിലെ പ്രശ്നങ്ങള്‍ക്ക് ശേഷം വിസ്മയ നിലമേലിലെ സ്വന്തം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അവസാന വര്‍ഷ ബി.എ.എം.എസ് പരീക്ഷയുടെ അവസാന ദിനം കോളേജിലെത്തിയ കിരണ്‍ വിസ്മയയെ കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് കിരണിന്റെ വീട്ടില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം സഹോദരന് ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനങ്ങളെക്കുറിച്ച്‌ സന്ദേശം അയച്ചപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം വീട്ടുകാര്‍ അറിയുന്നത്.
പിന്നീട് വിസ്മയ മരിച്ചു എന്നാണ് വീട്ടുകാര്‍ അറിയുന്നത്.

സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ രാത്രിയില്‍ ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നു. വഴക്കിന് ശേഷം വിസ്മയ ബാത്ത്റൂമില്‍ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ ശാസ്താകോട്ട പത്മാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിന് ശേഷം കിരണ്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. മരണത്തിന് പിന്നാലെ വിസ്മയയുടെ വീട്ടുകാര്‍ കൊലപാതകമാണെന്നാരോപിച്ച്‌ രംഗത്തെത്തി. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അറിയിച്ചു.