ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ചങ്കിൽ കമ്പി കുത്തിയിറക്കി: കൊലപാതകം മോഷണത്തിനോ, അനാശാസ്യ പ്രവർത്തനത്തിനോ ഇടയ്ക്കാകാമെന്ന നിഗമനത്തിൽ പൊലീസ്: നഗരമധ്യത്തിൽ വീണ്ടും അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു; നിയന്ത്രണം നഷ്ടമായി പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ചങ്കിൽ കമ്പി കുത്തിയിറക്കി: കൊലപാതകം മോഷണത്തിനോ, അനാശാസ്യ പ്രവർത്തനത്തിനോ ഇടയ്ക്കാകാമെന്ന നിഗമനത്തിൽ പൊലീസ്: നഗരമധ്യത്തിൽ വീണ്ടും അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു; നിയന്ത്രണം നഷ്ടമായി പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ഒരിടവേളയ്ക്കു ശേഷം അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു. ഐഡ ജംഗ്ഷനിൽ ഹോട്ടൽ ഐഡയ്ക്ക് സമീപം, ഡിസിസി ഓഫിസിന് എതിർ വശത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ വീണ്ടും അക്രമി സംഘങ്ങൾ നഗരത്തെ കീഴ്‌പ്പെടുത്തുന്നതായാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുറം ലോകത്ത് അറിഞ്ഞ സംഭവത്തിൽ കൊല്ലപ്പെട്ടത് ആരാണെന്ന് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വ്യക്തമായെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളും ഭിന്നലിംഗക്കാരും അടക്കം നാലു പേരെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എന്നാൽ, കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ ഇവരുടെ പങ്ക് സംബന്ധിച്ചു വ്യക്തമായ സൂചനകൾ പൊലീസ് പുറത്തു വിടൂ എന്നാണ് നിഗമനം.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് കോടിമത ഐഡ ജംഗ്ഷനിൽ ഐഡ ഹോട്ടലിനു സമീപത്ത് കോടിമത ശിവശൈലത്തിൽ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിഎ അടക്കമുള്ള വിഷയങ്ങളിൽ കോച്ചിംഗ് നൽകുന്ന ലക്ഷ്യ അക്കാഡമിയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ താഴെയുള്ള മൂന്നു നിലകളിലും ലക്ഷ്യ അക്കാദമിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നാലാം നിലയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഈ നിലയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഇതും ലക്ഷ്യ അക്കാദമിയ്ക്ക് നൽകും. ഈ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ഇവിടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇവിടെ നാല് ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവർ അകത്തേയ്ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും കെട്ടിടത്തിന്റെ ഒരു വശത്ത് താല്കാലികമായി തയ്യാറാക്കിയ പടികളാണ് ഉപയോഗിക്കുന്നത്. ഇന്നലെ രാവിലെ ഇവർ കെട്ടിടത്തിലേയ്ക്ക് എത്തിയപ്പോൾ ഈ പടിക്കെട്ടിൽ രക്തക്കറ കണ്ടെത്തി. തുടർന്ന കരാറുകാരനെ ഇവർ വിവരം അറിയിച്ചു. കരാറുകാരൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
നാലാം നിലയിൽ നിർമ്മാണ ആവശ്യങ്ങൾക്കായി കൂട്ടിയിട്ടിരുന്ന എം സാന്റിന്റെ സമീപത്ത് കമന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും മീറ്ററുകൾ ദൂരെയായി രക്തം ഒഴുകി കിടന്നിരുന്നു. ഇവിടെ വച്ച് കുത്തേറ്റ ശേഷം മരിച്ചയാൾ നടന്ന് വന്ന് കുഴഞ്ഞു വീണതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ പാടുണ്ട്. ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. മണിക്കൂറുകളോളം കമന്ന് കിടന്നതിനാൽ മുഖത്തും ശരീരത്തിന്റെ പല ഭാഗത്തേയ്ക്കും രക്തം പടർന്നൊഴുകിയിരുന്നു.
കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണും പഴ്‌സും നഷ്ടമായിട്ടുണ്ട്. ഇതിനാൽ മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. അടിപിടിയ്ക്കും സംഘർഷത്തിനുമിടെ പ്രതിയ്ക്കും പരിക്കേറ്റതായി സംഭവ സ്ഥലത്തു നിന്നും സൂചന ലഭിക്കുന്നുണ്ട്. താഴേയ്ക്കിറങ്ങുന്നതിനുള്ള പടിക്കെട്ടിൽ രക്തം വാർന്നൊഴുകിയതിന്റെയും, താഴെ കിടന്ന കാവി മുണ്ടിൽ രക്തം തുടച്ചതിന്റെയും പാടുകളുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെയും പരിസര പ്രദേശത്തെയും ആശുപത്രികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ലക്ഷ്യ അക്കാദമായിലെ സിസിടിവി ക്യാമറകൾ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഇടിയും മിന്നലിനെ തുടർന്ന് ഓഫ് ചെയ്തിരുന്നു. രാത്രി ഇവിടെ സെക്യൂരിറ്റി ജീവനക്കാരനില്ല. ഗേറ്റ് പുറത്തു നിന്നും പൂട്ടുകയും ചെയ്യാറുണ്ട്. എന്നിട്ട് എങ്ങിനെയാണ് പ്രതി നാലാം നിലയിൽ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ടയാൾ ഈ കെട്ടിടത്തിലെ നിർമ്മാണ ജോലികൾ ചെയ്യുന്ന ആളല്ല. അനാശാസ്യ പ്രവർത്തക സംഘം ഇയാളെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന അനാശാസ്യ സംഘങ്ങളെയും, ഭിന്ന ലിംഗക്കാരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.