റിട്ട. എസ്.ഐയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു: അടിക്കാൻ ഉപയോഗിച്ച കമ്പി കണ്ടെത്തി; കമ്പി ഉപേക്ഷിച്ചത് പാറമ്പുഴ കുഴിയലിപ്പടിയിൽ തോട്ടിൽ

റിട്ട. എസ്.ഐയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു: അടിക്കാൻ ഉപയോഗിച്ച കമ്പി കണ്ടെത്തി; കമ്പി ഉപേക്ഷിച്ചത് പാറമ്പുഴ കുഴിയലിപ്പടിയിൽ തോട്ടിൽ

ക്രൈം ഡെസ്ക്

കോട്ടയം: ഗാന്ധിനഗറിൽ റിട്ട. എസ് ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം മണ്ണാർക്കാട് വെച്ച്  പിടികൂടിയ പ്രതി ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. കൊല്ലപ്പെട്ട റിട്ട. എസ് യെ വധിക്കാൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച് സ്ഥലവും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

ഇതേ തുടർന്ന്  ആയുധം ഉപേക്ഷിച്ച് സ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിൽ ചില അടിക്കാൻ ഉപയോഗിച്ച കമ്പിവടി കണ്ടെത്തി. അറ്റം അടിച്ചു പരത്തി മൂർച്ച വരുത്തിയ കമ്പിയാണ് എസ് ഐ ആക്രമിക്കാൻ പ്രതി ഉപയോഗിച്ചത്. പാറമ്പുഴ കുഴിയലിപ്പടി ഭാഗത്ത് റോഡ് അരികിലെ തോട്ടിൽ കമ്പി ഉപേക്ഷിച്ചതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. മൂന്നായി മുറിച്ച ശേഷമാണ് കമ്പി തോട്ടിൽ ഉപേക്ഷിച്ചത്. ഇതേത്തുടർന്ന് ഇവിടെ നടത്തിയ തെരച്ചിലിൽ കമ്പിയുടെ രണ്ട് കഷണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യനെയാണ് (ഷിജോ – 45) ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട.എസ്.ഐ പറയകാവിൽ ആർ.ശശിധരനെ (62) വീടിനു സമീപത്തെ റോഡരികിൽ തലയ്ക്കു വേട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് ഷിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ച മുതൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ തിങ്കഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇയാളെ ഭക്ഷണം കഴിക്കാനായി പുറത്തു വിട്ടു. ഇതിനിടെ ഷിജോ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടുകയായിരുന്നു. എന്നാൽ, കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇയാളെ വിട്ടയക്കുകയായിരുന്നു എന്ന വാദമാണ് പൊലീസ് ഉയർത്തിയത്. എന്നാൽ, ഇയാൾ രക്ഷപെട്ടതായി രഹസ്യാന്വേഷണ വിഭാഗം അടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഇയാൾ രക്ഷപെട്ടതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെയും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം ജില്ലയിലെമ്പാടും പരിശോധന നടത്തി. എന്നാൽ, രാത്രി മുഴുവൻ തിരഞ്ഞിട്ടും ഷിജോയെപ്പറ്റി സൂചന ലഭിച്ചില്ല.  ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര തൊമ്മൻകവലയിൽ ഷിജോയെ പൊലീസ് സംഘം കണ്ടു. പൊലീസിന്റെ പെട്രോളിംങ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മൻജിത്ത് ഷിജോയെ പിടികൂടാൻ ശ്രമിച്ചു.  എന്നാൽ, ഇയാളെ ആക്രമിച്ചു വീഴ്ത്തിയ ശേഷം ഷിജോ പൊലീസിന്റെ ബൈക്കുമായി കടന്നു. തുടർന്ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും ജാഗ്രതാ നിർദേശം നൽകി. തുടർന്ന് മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷിജോയെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജി, എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അൻവർ, ഷിജോ, സതീഷ് എന്നിവർ ചേർന്ന് ഷിജോയെ പിടികൂടി. തുടർന്ന്  ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറി.

ഏറ്റുമാനൂരിലെ  ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ കുറ്റ സമ്മതം നടത്തിയത്. നീളമേറിയ കമ്പിയുടെ ഒരറ്റം അടിച്ച് പരത്തി മൂർച്ചയുള്ളതാക്കി. തുടർന്ന് ഈ വശം ഉപയോഗിച്ച് മരിച്ച ശശിയുടെ തലയ്ക്ക് പിന്നിൽ അടച്ചതായാണ് ഷിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സംഭവ ദിവസം രാവിലെ തന്നെ ഈ കമ്പി മൂന്ന് കഷണങ്ങളായി മുറിച്ചു. തുറന്ന് പാറമ്പുഴ വെള്ളുപ്പറമ്പ് റോഡിൽ    കുഴിയലിപ്പടി ഭാഗത്തെ തോട്ടിൽ കമ്പി ഉപേക്ഷിച്ചു. തുടർന്ന് വീട്ടിൽ തിരികെ എത്തിയതായും പ്രതി പറയുന്നു. രാവിലെ 11 മണിയോടെ പ്രതി ആയുധം ഉപേക്ഷിച്ചു എന്നു പറയുന്ന സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധത്തിന്റെ രണ്ടു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തലയ്ക്ക് പരിക്കേൽപ്പിച്ച മൂർച്ചയേറിയ അഗ്രഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി തിരച്ചിൽ തുടരും.