മകൻ ഇടിപ്പിച്ച ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ; പിതാവിനെ കൊലപ്പെടുത്തി; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു ; മറ്റൊരു പ്രതി ചികിത്സയിൽ
കട്ടപ്പന : മകൻ ഇടിപ്പിച്ച ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പിതാവ് കൊല്ലപ്പെട്ടു. കട്ടപ്പന – ചെറുതോണി റൂട്ടിൽ നിർമ്മലാസിറ്റി പാറയ്ക്കൽ രാജുവാണ് (47) കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൗന്തി കാരിക്കുഴിയിൽ ജോബിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയായ വാഴവര സ്വദേശി കുഴിയത്ത് ഹരികുമാർ (28) പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മരിച്ച രാജുവിന്റെ മകൻ രാഹുൽ ഹരികുമാറിന്റെ ബൈക്ക് വാങ്ങി ഓടിച്ചപ്പോൾ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം പറ്റിയിരുന്നു. ഇത് നന്നാക്കുന്നതിനായി 5000 രൂപ നൽകാമെന്ന ധാരണയിൽ ഇരുക്കൂട്ടരും എത്തിയിരുന്നു. ഈ പണം നൽകാമെന്ന് പറഞ്ഞിരുന്ന ഇന്നലെ ഹരികുമാറും ജോബിനും രാഹുലിനെ പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഇതിൽ പ്രകോപിതരായ ഇവർ ഫോണിലേയ്ക്ക് അസഭ്യം പറഞ്ഞ് വോയിസ് മെസേജ് അയച്ചു.
ഇത്തരത്തിൽ തെറി വിളിച്ച് മെസേജ് അയച്ചതിനാൽ ഇനി പണം തരില്ലന്ന് രാജു പറഞ്ഞു. തുടർന്ന് ഹരികുമാറും ജോബിനും രാജുവിന്റെ വീട്ടിലെത്തി വാക്കേറ്റവും ഉണ്ടാവുകയും സംഘർഷത്തിലാകുകയുമായിരുന്നു. ഇരുവരും പരസ്പരം ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ രാജുവിനെ കട്ടപ്പനയിലെ സ്വകാര്യ
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്കും മുഖത്തും സാരമായി പരുക്കേറ്റ ഹരികുമാറിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഹരികുമാറിന്റെ ആരോഗ്യ നില മെച്ചപ്പെടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. രാജുവിന്റെ മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.