ലോട്ടറി വിൽപ്പനക്കാരിയെ കൊന്നത് തലയ്ക്കടിച്ച്: മാരകമായ അടിയിൽ തലയോട് പൊട്ടി; കൊലപാതക കാരണം പണത്തെച്ചൊല്ലിയുള്ള തർക്കം: പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

ലോട്ടറി വിൽപ്പനക്കാരിയെ കൊന്നത് തലയ്ക്കടിച്ച്: മാരകമായ അടിയിൽ തലയോട് പൊട്ടി; കൊലപാതക കാരണം പണത്തെച്ചൊല്ലിയുള്ള തർക്കം: പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

ക്രൈം ഡെസ്ക്

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപ്പനക്കാരി കൊല്ലപ്പെട്ടത് തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അടിയേറ്റ് തലയോട്ടിയിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ മൊഴി. ഭാരമേറിയ എന്നാൽ , മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് പല തവണ തലയ്ക്കടിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിലുണ്ട്. മൃതദേഹം വലിച്ചിഴച്ചതിന് സമാനമായ പാടുകളും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യുടെ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കല്ലോ അതിന് സമാനമായ ഭാരമേറിയ വസ്തുവോ ഉപയോഗിച്ച് ഇടിച്ചപ്പോഴോ , മറിഞ്ഞ് വീണ് തല ഇടിച്ചപ്പോഴോ ഉണ്ടായതിന് സമാനമായ പരിക്കാണ് പൊന്നമ്മയുടെ തലയിൽ ഉണ്ടായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
കൃത്യമായ ലക്ഷ്യത്തോടെ പൊന്നമ്മയെ കുറ്റിക്കാട്ടിൽ എത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊന്നമ്മയുടെ പക്കൽ നിന്നും പണം തട്ടിയെടുക്കുന്നതിനായി പദ്ധതി തയ്യാറാക്കിയ പ്രതി പൊന്നമ്മയെ തന്ത്രപൂർവം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
പണത്തെച്ചൊല്ലി പൊന്നമ്മയും മെഡിക്കൽ കോളജ് ആശുപത്രിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആളും തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നതായി പൊലീസ് സൂചന നൽകുന്നു. സംശയത്തെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
എന്നാൽ , എന്തെങ്കിലും ആവശ്യത്തിനായി ഇവിടെ എത്തിയ പൊന്നമ്മ ആഴത്തിലേയ്ക്ക് കാൽ വഴുതി വീണ് തലയിടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ആളും പൊന്നമ്മയും നേരത്തെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു.
പൊന്നമ്മയുടെ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതായും, കയ്യിൽ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നെന്നും മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന നടത്തി.
കൊല്ലപ്പെട്ട പൊന്നമ്മയുടെ മകൾ സൗമയുടെ രക്ത സാമ്പിൾ തിങ്കളാഴ്ച ഡി.എൻ.എ പരിശോധനയ്ക്കായി പൊലീസ് ശേഖരിക്കും. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു , ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ , ഗാന്ധിനഗർ എസ്.എച്ച് ഒ സി.ഐ അനൂപ് ജോസ് , എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.