കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം: ടിബി ജംഗ്ഷനിലെ നാലു നില കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; മരണകാരണം എന്തെന്ന് വ്യക്തമാകാതെ പൊലീസ്; വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി

കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം: ടിബി ജംഗ്ഷനിലെ നാലു നില കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; മരണകാരണം എന്തെന്ന് വ്യക്തമാകാതെ പൊലീസ്; വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ഐഡ ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസിസി ഓഫിസിനു എതിർവശത്ത് ഹോട്ടൽ ഐഡയ്ക്കു സമീപം ലക്ഷ്യയുടെ ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസവും ഈ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ കരാറുകാരനെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ വിവരം അറിയച്ചത് അനുസരിച്ച് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കമഴ്ന്ന് കിടക്കുന്ന രീതിയിൽ ഇതര സംസ്ഥാന തൊഴിലാളി എന്ന് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളുണ്ടോ, മർദനമേറ്റതിന്റെ പാടുണ്ടോ എന്നീ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.
മരിച്ചു കിടക്കുന്ന ആൾ ഈ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ആളല്ലെന്ന വിവരമാണ് ഇവിടെ എത്തിയ തൊഴിലാളികൾ നൽകുന്നത്. എന്നാൽ, ഇത് പൊലീസ പൂർണമായും വിശ്വസിച്ചിട്ടില്ല. ബുധനാഴ്ച ഇവിടെ ജോലിയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. ഇവരിൽ നിന്നും കേസിൽ തുമ്പുണ്ടാക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം മരിച്ചയാളെ തിരിച്ചറിയാനാവുമെന്നും, മരണ കാരണം വ്യക്തമാകുമെന്നുമാണ് പൊലീസിന്റെ നിഗമനം. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.