ഏറ്റുമാനൂരിൽ വീട്ടു ജോലിക്കെത്തിയ മധ്യവയസ്‌കയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: കൊലപാതകം നടത്തിയെന്ന് വിളിച്ച് പറഞ്ഞ ശേഷം പ്രതി രക്ഷപെട്ടു; പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

ഏറ്റുമാനൂരിൽ വീട്ടു ജോലിക്കെത്തിയ മധ്യവയസ്‌കയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: കൊലപാതകം നടത്തിയെന്ന് വിളിച്ച് പറഞ്ഞ ശേഷം പ്രതി രക്ഷപെട്ടു; പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: വീട്ടുജോലിയ്ക്കായി വിളിച്ചു വരുത്തിയ മധ്യവയസ്‌കയെ വീടിനുള്ളിൽ കൊലപ്പെടുത്തിയിട്ട ശേഷം വീട്ടുജോലിക്കാരനായ പ്രതി രക്ഷപെട്ടു. വയോധികയെ കൊലപ്പെടുത്തിയതായി അയൽവാസികളെ വിളിച്ചറിയിച്ച ശേഷമാണ് പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപം പാദുവ സ്വദേശി ടോമിയുടെ വീട്ടിലാണ് കട്ടച്ചിറ കടവിൽ ഹൗസിൽ ഉഷാകുമാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഉഷാകുമാരിയെ ജോലിയ്ക്കായി എത്തിച്ച ഏറ്റുമാനൂർ സ്വദേശിയായ പ്രഭാകരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപത്തെ വീടിനുള്ളിൽ ഒരാളെ കൊലപ്പെടുത്തിയിട്ടിരിക്കുന്നതായി താൻ ജോലി ചെയ്യുന്ന മറ്റൊരു വീട്ടിൽ പ്രഭാകരൻ വിളിച്ചു പറയുകയായിരുന്നു. ഈ വീട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഉഷാകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പ്രദേശത്തെ അഞ്ചോളം വീടുകളിൽ പാർടൈം ആയി ജോലി ചെയ്യുകയാണ് ഉഷാകുമാരി. ഇന്നലെ രാവിലെ വിമല ആശുപത്രിയ്ക്ക് സമീപത്തെ ടോമിയുടെ വീട്ടിൽ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രഭാകരൻ ഉഷാകുമാരിയെ വിളിച്ചു വരുത്തുകയായിരുന്നു. ടോമി വിദേശത്തായതിനാൽ പ്രഭാകരനാണ് വീട്ടിലെ ജോലികളെല്ലാം നോക്കുന്നത്. ഇവരെ ഇവിടെ ജോലിയ്ക്കായി വിളിച്ചു വരുത്തിയ ശേഷം പ്രഭാകരൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഉഷാകുമാരിയുടെ മൃതദേഹം അടുക്കള ഭാഗത്തായാണ് കിടക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഈ വീട്ടിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ പൊലീസ് മേധാവി ഹരിശ്ങ്കർ, ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.