play-sharp-fill
മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ചു; തടയാന്‍ ശ്രമിച്ച ജ്യേഷ്ഠനുമായി വാക്കേറ്റം; ഒടുവില്‍ ജ്യേഷ്ഠൻ്റെ കത്രിക പ്രയോഗത്തിൽ അനുജന് ദാരുണാന്ത്യം

മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ചു; തടയാന്‍ ശ്രമിച്ച ജ്യേഷ്ഠനുമായി വാക്കേറ്റം; ഒടുവില്‍ ജ്യേഷ്ഠൻ്റെ കത്രിക പ്രയോഗത്തിൽ അനുജന് ദാരുണാന്ത്യം

സ്വന്തം ലേഖിക

കൊച്ചി: മദ്യലഹരിയില്‍ അമ്മയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത മകന്‍ ജ്യേഷ്ഠൻ്റെ കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചു.

കോലഞ്ചേരി മറ്റക്കുഴി അയിരാറ്റില്‍ ശ്രീനാഥാണ് (29) ചേട്ടന്‍ ശ്രീകാന്തിൻ്റെ (33) കുത്തേറ്റ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇത് തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ശ്രീകാന്തുമായി വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ സമീപത്തിരുന്ന ചെറിയ കത്രിക ഉപയോഗിച്ച്‌ ശ്രീകാന്ത് അനുജനെ മുറിവേല്‍പ്പിച്ചു. ഇതോടെ ശ്രീനാഥ് കുഴഞ്ഞുവീണു. മദ്യലഹരിയില്‍ വീണതാണെന്ന് വീട്ടുകാര്‍ ധരിച്ചു. എന്നാല്‍ നെഞ്ചിലേറ്റ മുറിവ് മരണത്തിന് കാരണമാകുകയായിരുന്നു.

കുഴഞ്ഞുവീണ ശ്രീനാഥിനെ ഉടന്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മീശ വെട്ടുന്ന ചെറിയ കത്രികകൊണ്ടുള്ള മുറിവായിരുന്നു സംഭവിച്ചത്. രക്തം തുടച്ച്‌ വസ്ത്രങ്ങള്‍ മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് നെഞ്ചിന് സമീപത്തെ മുറിവ് പോലീസിൻ്റെ ശ്രദ്ധയില്‍ പെട്ടത്. ഹൃദയ വാല്‍വിലുണ്ടായ ദ്വാരമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠന്‍ പിടിയിലായത്.

കത്രികയും രക്തക്കറയുള്ള വസ്ത്രങ്ങളും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിൻ്റെ നേതൃത്വത്തില്‍ അറസ് ചെയ്ത പ്രതിയെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.