കെ കരുണാകരൻ1996-ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോള്‍ പറഞ്ഞത് തന്നെ കോണ്‍ഗ്രസുകാർ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്ന് ; ഇത് തന്നെ കഴിഞ്ഞ തവണ പത്മജയും ആവർത്തിച്ചു ; ഇത്തവണ പണി കിട്ടിയത് മുരളീധരന് , കേരളത്തിൽ കോൺഗ്രസ് തരംഗത്തിനിടയിലും മുരളീധരന്റെ തോല്‍വി കോണ്‍ഗ്രസിന് തലവേദനയാകും
തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തില്‍ യുഡിഎഫ് വൻ വിജയമാണ് നേടിയത്. 20 സീറ്റില്‍ 17 സീറ്റിലും മികച്ച വിജയം കൈവരിക്കുമ്പോഴും, തൃശ്ശൂരിലെ തോല്‍വി തലവേദനയാവുകയാണ്.
തൃശ്ശൂരിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. തൃശൂരിലെ ഏറ്റവും വലിയ അട്ടിമറകളില്‍ ഒന്ന് 1996ല്‍ കെ കരുണാകരന്റേതായിരുന്നു. തന്നെ കോണ്‍ഗ്രസുകാർ മുന്നില്‍ നിന്നും പിന്നില്‍ കുത്തിയെന്നായിരുന്നു തോല്‍വിക്ക് ശേഷം കരുണാകരന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കമന്റുകളില്‍ ഒന്നാണ് അത്. ഇവിടെയാണ് സിറ്റിങ് സീറ്റില്‍ കെ മുരളീധരൻ എന്ന കരുണാകര പുത്രന്റെ തോല്‍വി. അതും മൂന്നാം സ്ഥാനം മാത്രം കിട്ടിയ തോല്‍വി. ഇത് കോണ്‍ഗ്രസില്‍ ഇനിയുള്ള ദിനങ്ങളില്‍ വലിയ ചർച്ചയാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിനാണ് കരുണാകരന്റെ മകള്‍ കൂടിയായ പത്മജാ വേണുഗോപാല്‍ തൃശൂരില്‍ തോറ്റത്. അന്ന് രണ്ടു പേരാണ് തന്നെ തോല്‍പ്പിച്ചതെന്ന് പത്മജ ആരോപിച്ചിരുന്നു. അവരാണ് ചേട്ടന്റെ ഇരുവശവുമുള്ളതെന്നും ചേട്ടനേയും അവർ ഞെക്കി കൊല്ലുമെന്നും പത്മജ പ്രതികരിച്ചു. ടിഎൻ പ്രതാപൻ എന്ന സിറ്റിങ് എംപിയേയും എപി വിൻസന്റ് എന്ന മുൻ എംഎല്‍എയ്‌ക്കെതിരേയുമായിരുന്നു പത്മജയുടെ ഒളിയമ്ബ്. ഇത് വലിയ ചർച്ചകള്‍ക്കും വഴിവച്ചു. വിജയം ഉറപ്പിച്ചായിരുന്നു മുരളീധരൻ മത്സരിച്ചത്. ഇവിടെയാണ് അടിതെറ്റിയത്. അതുകൊണ്ട് തന്നെ തോല്‍വിയില്‍ മുരളീധരൻ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. സമകാലിക കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനായി വോട്ടുയർത്തുന്ന നേതാവെന്ന പേരും ഈ തോല്‍വിയോടെ മുരളീധരന് നഷ്ടമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഒരു കാലത്ത് തൃശൂർ. തൃശൂരിലെ നിയമസഭാ മണ്ഡലങ്ങള്‍ വരുന്ന മൂന്ന് പാർലമെന്റ് മണ്ഡലങ്ങളുണ്ട്. അതില്‍ തൃശൂർ ജില്ലയില്‍ നിന്നുള്ളവ മാത്രം ഉള്‍ക്കൊള്ളുന്നതാണ് തൃശൂർ ലോക്‌സഭാ മണ്ഡലം. ഇവിടെ കോണ്‍ഗ്രസ് തോറ്റു. കോണ്‍ഗ്രസ് തോറ്റ രണ്ടാമത്തെ മണ്ഡലവും തൃശൂരിന്റെ ഭാഗമാണ്. ആലത്തൂർ. അവിടെ മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ സിപിഎമ്മിന്റെ കനല്‍ത്തിരിയായി ജയിച്ചു കയറി. ചാലക്കുടിയിലും തൃശൂർ ജില്ലയുടെ പ്രാതിനിധ്യമുണ്ട്. ഇവിടെ ജയിക്കാൻ കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാന് കഴിയുകയും ചെയ്തു.
തൃശൂരിലെ മണ്ഡലങ്ങളിലെ മികവിലാണ് ആലത്തൂരിലെ സിപിഎം സ്ഥാനാർത്ഥി രാധാകൃഷ്ണന്റെ വിജയം. അങ്ങനെ തൃശൂരിലെ കോണ്‍ഗ്രസിന് വലിയ നിരാശയാണ് ലോക്‌സഭാ ഫലം നല്‍കുന്നത്. ചാലക്കുടിയില്‍ മത്സരിച്ച ബെന്നിക്കും തൃശൂരിലെ ജില്ലയിലെ മണ്ഡലങ്ങളില്‍ വലിയ വോട്ട് വിഹിതം കിട്ടിയില്ലെന്നും സൂചനകളുണ്ട്. ഇതും കോണ്‍ഗ്രസിന്റെ തൃശൂരിലെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയായി വിലയിരുത്തും. കെ മുരളീധരന്റെ പ്രതികരണമാകും ഇനി ശ്രദ്ധേയമാകുക. കോണ്‍ഗ്രസിന് പരമ്ബരാഗതമായി കിട്ടുന്ന വലിയ വിഭാഗം വോട്ടുകള്‍ ബിജെപിക്ക് പോയി എന്നതാണ് വസ്തുത.
ഇന്ത്യ ആകാംഷയോടെ കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെയും കേന്ദ്രത്തിലെയും ഫലങ്ങള്‍ കാണിക്കുന്നത് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍. കേരത്തില്‍ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയപ്പോള്‍ ആദ്യമായി എൻഡിഎ രണ്ടു സീറ്റുകളില്‍ ജയിച്ചു. തൃശൂരില്‍ ആദ്യം മുതല്‍ തന്നെ ലീഡ് ഉയർത്തി മുന്നേറിയ സുരേഷ്ഗോപി വോട്ടെണ്ണല്‍ 70 ശതമാനം കടന്നപ്പോള്‍ ലീഡ് നില അരലക്ഷത്തിന് മുകളിലേക്കായിരുന്നു.
അത് പിന്നീടും താഴ്‌നില്ല. തിരുവനന്തപുരത്തിനും പത്തനംതിട്ടയുമെന്ന പോലെ ബിജെപി ഏറ്റവും പ്രാധാന്യം കൊടുത്ത എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃശൂർ. നരേന്ദ്ര മോദി നാലു തവണയാണ് തൃശൂരില്‍ പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്. സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ മോദി നാരീശക്തി പരിപാടിയില്‍ പങ്കെടുക്കാനും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടും ഇവിടെ എത്തിയിരുന്നു. ഇതെല്ലാം തൃശൂരില്‍ നിർണ്ണായകമായി.
തൃശൂരില്‍ ബിജെപിയുടെ വിജയമാണ് വൻചർച്ചയായി മാറുക. തൃശൂരില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അപ്രമാദിത്യം തകർക്കാൻ സുരേഷ്ഗോപിക്ക് തുണയായത് കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിവാദങ്ങളാണെന്ന ചർച്ചകള്‍ ഇപ്പോള്‍ തന്നെയുണ്ട്. തൃശൂർപൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട്, പൊലീസ് ഇടപെടല്‍ എന്നിവയെല്ലാം തിരിച്ചുകുത്തിയെന്ന് വേണം കരുതാൻ.