പോക്സോ നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസ് ചമയ്ക്കുവാൻ ശ്രമിച്ച കുറ്റത്തിന് മൂന്നാർ . ചൈൽഡ് ലൈൻ പ്രവർത്തകനായിരുന്ന ജോൺ എസ് എഡ്വിന് അഞ്ച് വർഷം തടവും 1,36,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്; കള്ളക്കേസ് പൊളിച്ചത് മുൻ മൂന്നാർ സി ഐ ആയിരുന്ന റെജി എം കുന്നിപ്പറമ്പൻ
മൂന്നാർ : പോക്സോ നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസ് ചമയ്ക്കുവാൻ ശ്രമിച്ച കുറ്റത്തിന് മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകനായിരുന്ന ജോൺ എസ് എഡ്വിന് അഞ്ച് വർഷം തടവും 1,36,000 രൂപ പിഴയും
മൂന്നാറിലെ തോട്ടം മേഖലയിലുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ഇതേ സ്കൂളിലെ കൗൺസിലറായ യുവതിക്കെതിരെ മൊഴി എഴുതി വാങ്ങിയതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
സ്കൂളിലെ അദ്ധ്യാപകർ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകൻ പക്ഷം ചേർന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി യുവതിയായ കൗൺസിലർക്കെതിരെ മൊഴി വാങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെപ്പറ്റി വിവരം ലഭിച്ച അന്നത്തെ മൂന്നാർ സർക്കിൾ ഇൻസ്പെക്ടറും നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ റെജി.എം. കുന്നിപ്പറമ്പൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2020 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.