play-sharp-fill
മുണ്ടക്കയത്തിന് സമീപം ചെന്നാപ്പാറ റബർ തോട്ടത്തിൽ പുലിയിറങ്ങി; പുലിയെ കണ്ടത്  ടാപ്പിംഗ് തൊഴിലാളി;  പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം

മുണ്ടക്കയത്തിന് സമീപം ചെന്നാപ്പാറ റബർ തോട്ടത്തിൽ പുലിയിറങ്ങി; പുലിയെ കണ്ടത് ടാപ്പിംഗ് തൊഴിലാളി; പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം

സ്വന്തം ലേഖിക

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ടി.ആര്‍ ആന്‍ഡ്​ ടി കമ്പനി റബര്‍ എസ്​റ്റേറ്റില്‍ പുലിയിറങ്ങി.


ചെന്നാപ്പാറ ടോപ്പ് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളി ഓംകാരത്തില്‍ മോഹനന്‍ ടാപ്പിംഗ് ചെയ്തുവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. പാറപ്പുറത്ത്​ കിടന്ന പുലി എഴുന്നേറ്റതോടെ മോഹനന്‍ നിലവിളിച്ച്‌ ഓടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്ത് ടാപ്പിംഗ് ചെയ്തിരുന്ന വിജയമ്മയോടും വിവരം പറഞ്ഞു. ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

പുലിയുടേതെന്ന്​ കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ കണ്ടത് പുലിയെത്തന്നെയാണെന്ന്​ വനംവകുപ്പ്​ സ്ഥിരീകരിച്ചു.

തോട്ടത്തിന്‍റെ അതിര്‍ത്തി ശബരിമല വനമായതിനാല്‍ അവിടെ നിന്നെത്തിയതാവാം പുലിയെന്നാണ് കരുതുന്നത്. മേഖലയില്‍ പുലിയെ കണ്ടതായി വിവരം ലഭിച്ചതിനാല്‍ ക്യാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം കണ്ടെത്തി പിടികൂടാനും അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.ജി. ജയകുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെ പുലി കടിച്ചുകീറി ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നാലുദിവസം മുൻപ് ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാലയെ വനപാലകരെത്തി പിടികൂടിയിരുന്നു. കഴിഞ്ഞമാസം കാട്ടാനക്കൂട്ടവും പ്രദേശങ്ങളിലെത്തി.