ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി; അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യൻ ഖാന് ബന്ധമുണ്ടെന്ന് എൻസിബി
സ്വന്തം ലേഖകൻ
മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്റെയും സുഹൃത്തുക്കളായ അർബാസ് മർച്ചന്റ്, നടി മൂൺമൂൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകനായ ഇരുപത്തിമൂന്നുകാരനായ ആര്യൻഖാൻ രണ്ടാഴ്ചയിലേറേയായി ജ്യുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഢംബരക്കപ്പലിലെ ലഹരിവിരുന്നിനിടെ ആര്യൻഖാനെയും കൂട്ടാളികളെയും നർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വിചാരണ വേളയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ടശേഷം ജാമ്യാപേക്ഷയിൽ വിധിപറയുന്നതിനായി ഒക്ടോബർ 20ലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യൻ ഖാനെന്നും ഇയാൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എൻസിബി ആര്യന്റെ ജാമ്യ ഹരജിയെ എതിർക്കുന്നത്.എന്നാൽ റെയ്ഡിനിടയിൽ ആര്യന്റെ കയ്യിൽ നിന്നും ലഹരി പദാർത്ഥങ്ങൾ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകൻ അറിയിച്ചിരുന്നത്. ആയതിനാൽ ആര്യനെ കേസിൽ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപേയാണ് ആര്യൻ ഖാൻ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ സജീവ കണ്ണിയാണെന്ന് എൻ.സി.ബി കോടതിയെ അറിയിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യൻ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നതായും എൻസിബി കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ ജഡ്ജ് വി.വി. പാട്ടീലിന് മുൻപിലായിരുന്നു എൻ.സി.ബി ഇക്കാര്യം അറിയിച്ചത്.
മുംബൈ തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ പത്ത് പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് കൊക്കെയ്ൻ,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറി.കപ്പൽ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. തുടർന്ന് നടത്തിയ റെയ്ഡിലാണ് പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തത്.