play-sharp-fill
തിരുവോണം കറുത്തു…തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത്  16 പേർ; തിരുവനന്തപുരം ജില്ലയിലുണ്ടായ 5 അപകടങ്ങളിൽ 7 പേർ മരിച്ചു; മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചതു കൂടാതെ കൊല്ലം ജില്ലയിൽ‌ മറ്റു 2 അപകടങ്ങളിൽ 2 പേർ മരിച്ചു; പത്തനംതിട്ടയിൽ ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു; കൊച്ചിയിലും കോഴിക്കോടും കാസർകോടും അപകടങ്ങളിൽ മരിച്ചത് 5 പേർ

തിരുവോണം കറുത്തു…തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 16 പേർ; തിരുവനന്തപുരം ജില്ലയിലുണ്ടായ 5 അപകടങ്ങളിൽ 7 പേർ മരിച്ചു; മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചതു കൂടാതെ കൊല്ലം ജില്ലയിൽ‌ മറ്റു 2 അപകടങ്ങളിൽ 2 പേർ മരിച്ചു; പത്തനംതിട്ടയിൽ ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു; കൊച്ചിയിലും കോഴിക്കോടും കാസർകോടും അപകടങ്ങളിൽ മരിച്ചത് 5 പേർ

തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി തിരുവനന്തപുരം ജില്ലയിലുണ്ടായ 5 അപകടങ്ങളിൽ 7 പേർ മരിച്ചു. വർക്കല കുരയ്ക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഞായർ രാത്രി 11.15നാണ് അപകടം.

വർക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടവ വെൺകുളം തോട്ടുമുഖം വലിയവിള അപർണ ഭവനിൽ അനിൽകുമാർ–ഉഷ ദമ്പതികളുടെ മകൻ ആദിത്യൻ (19), വെൺകുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനിൽ ദാസ്– കുമാരി ദമ്പതികളുടെ മകൻ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വർക്കല മുണ്ടയിൽ തോപ്പുവിളയിൽ മോൻസി–ധനുജ ബാബു ദമ്പതികളുടെ മകൻ ജിഷ്ണു മോൻസി(19) എന്നിവരാണു മരിച്ചത്.


ഗുരുതരമായി പരുക്കേറ്റ ഇടവ മൂടില്ലാവിള കല്ലിന്മേൽ വയലിൽ വീട്ടിൽ (കവിത ഭവൻ) സനോജ് (19), ജനാർദനപുരം മേലേഗ്രാമത്തിൽ വിഷ്ണു (19) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴുതൂർ പോലീസ് കന്റീനു സമീപം കാർ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പെരുമ്പഴുതൂർ കളത്തുവിള ജലജ ഭവനിൽ ഷൈനാണ് (41) മരിച്ചത്. മാറനല്ലൂർ കീളിയോട് ആലുവിളാകം എസ്എസ് കോട്ടേജിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. സംസ്കാരം നടത്തി. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഭാര്യ ശാലി. മകൻ: കിച്ചു.

തിരുവോണ ദിവസം ബൈപാസിൽ ഇൻഫോസിസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 2 പേർക്കു പരിക്ക്. പൗണ്ടുകടവ് വലിയവേളി പുത്തൻവീട്ടിൽ ശ്രീലതയുടെയും പരേതനായ ത്യാഗരാജന്റെയും മകൻ അനുരാജാണ് (27) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന 2 അതിഥിത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

ബൈപാസിൽ തമ്പുരാൻമുക്ക് ഇൻഫോസിസിനു സമീപം സർവീസ് റോഡ് കുറുകെ കടക്കവേ, കാർ ഇടിച്ച് യുവതി മരിച്ചു. ഇൻഫോസിസിനു സമീപമുള്ള ഹോട്ടലിലെ ഷെഫ് ആയ വെട്ടുകാട് ബാല നഗറിൽ ടി സി 32/707 ൽ ഇഗ്നേഷ്യസ് ഫെർണാണ്ടസിന്റെ ഭാര്യ ബേബി ആന്റണിയാണ് (45) മരിച്ചത്. ഇന്നലെ പുലർച്ചെ 2 ന് ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്നിറങ്ങി താമസസ്ഥലത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം.

മക്കൾ: ഇനോഷ്, ഫിനോഷ്. പ്രാർത്ഥന വ്യാഴം 3 ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ.

റോഡ് കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മംഗലപുരം ശാസ്തവട്ടം ഇമ്മാനുവൽ ഭവനിൽ സക്കായിയുടെയും സാറാമ്മയുടെയും മകൻ സിജു ( 42) മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പെരുംകുഴി സ്വദേശി റോഷൻ രാജിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവോണദിവസം വൈകിട്ട് 4.30ന് ശാസ്തവട്ടം പോസ്റ്റ്ഓഫിസ് ജംക്‌ഷനു സമീപമാണ് അപകടം. പെയ്ന്റിങ് തൊഴിലാളിയാണ് സിജു. ഭാര്യ: തങ്കച്ചി. മക്കൾ: സാനിയ, സജിൻ.

മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കുഞ്ഞുമോൾ മരിച്ചതു കൂടാതെ കൊല്ലം ജില്ലയിൽ‌ മറ്റ് 2 അപകടങ്ങളിൽ 2 പേർ മരിച്ചു. എംസി റോഡിൽ വാളകം മരങ്ങാട്ടുകോണം ജംക്‌ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ വാളകം അഞ്ചു നിവാസിൽ മോഹനൻപിള്ള (67) മരിച്ചു.

ഒപ്പമുണ്ടായിരുന്ന ഭാര്യ വിമലഭായിക്ക് (55) പരുക്കേറ്റു. തിരുവോണ ദിനത്തിൽ വൈകിട്ട് 4.30 ന് ആയിരുന്നു അപകടം. മരങ്ങാട്ടുകോണത്തുള്ള മകളുടെ വീട്ടിലെത്തിയ ശേഷം തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തിരുവോണ ദിവസം രാത്രി എട്ടിന് പാരിപ്പള്ളി ചാവർകോട് നീരോന്തിയിൽ സ്കൂട്ടർ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. സ്കൂട്ടർ നിർത്താതെ ഓടിച്ചു പോയതായി പോലീസ് പറഞ്ഞു. വർക്കല പാളയംകുന്ന് ചരുവിള പുത്തൻ വീട്ടിൽ ശ്രീനിവാസനാണ് (68) മരിച്ചത്.

പത്തനംതിട്ട ജില്ലയിൽ ആറാട്ടുപുഴ– കുമ്പനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 9നായിരുന്നു സംഭവം. കടപ്ര വാഴത്തറയിൽ സുധീഷ് മന്മഥനാ(30)ണ് മരിച്ചത്.

കോതമംഗലം നഗരത്തിൽ സെന്റ് ജോർജ് സ്കൂളിനു സമീപം ദേശീയപാതയിൽ വഴിയാത്രികൻ കാറിടിച്ചു മരിച്ചു. റിട്ട. പോസ്റ്റ്മാസ്റ്റർ കോഴിപ്പിള്ളി നിരപ്പേൽ അഗസ്റ്റിൻ ജോർജ് (73) ആണു മരിച്ചത്. ഞായർ രാവിലെ പള്ളിയിൽ പോയി മടങ്ങവേയാണ് അപകടം.

ദേശീയപാതയിൽ ആലുവ ഗാരിജ് ഭാഗത്തു ടൂറിസ്റ്റ് ബസ് ഇടിച്ചു സ്കൂട്ടർ യാത്രികൻ തായിക്കാട്ടുകര തേക്കാനത്ത് ജോയി ജോസഫ് (66) മരിച്ചു. പുലർച്ചെ പള്ളിയിൽ കുർബാനയ്ക്കു പോകുമ്പോഴാണ് അപകടം.

തിരുവോണസദ്യയ്ക്ക് ഇല വാങ്ങി വീട്ടിലേക്കു വരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. പാലക്കാട് കുഴൽമന്ദം പെരുങ്കുന്നം എക്കോട് വീട്ടിൽ ജഗദീശൻ (ഗണേഷ് 52) മരിച്ചു. കുഴൽമന്ദം വെള്ളപ്പാറ സാൻജോ കോളേജിനു സമീപം ഉച്ചയ്ക്കായിരുന്നു അപകടം.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മിനിബൈപാസിൽ കൈവരിയിൽ ബൈക്കിടിച്ചു മറിഞ്ഞ് ബെംഗളൂരു ക്രിസ്തു ജയന്തി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മലാപ്പറമ്പ് പാറമ്മൽ റോഡ് സനാബിൽ കുറുവച്ചാലിൽ റസൽ അബ്ദുല്ല (19) മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകനാണ്.

കാസർകോട് പാലക്കുന്ന് ബട്ടത്തൂർ നെല്ലിയടുക്കത്ത് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ച്, സ്കൂട്ടർ യാത്രക്കാരനായ കബഡി താരം സിദ്ധാർഥ് (23) മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു പരുക്കേറ്റു. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം.