മുല്ലപ്പെരിയാര്‍ കേസ്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ഡാം വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം
സ്വന്തം ലേഖിക
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍ ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, , ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ കക്ഷിചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നല്‍കിയ അപേക്ഷയും സുപ്രീം കോടതിക്ക് മുന്‍പില്‍ ഉണ്ട്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം ഇന്ന് കേള്‍ക്കാനിരിക്കെയാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണമെന്നും പരിശോധന സമിതിയില്‍ അന്താരാഷ്ട വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയവും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.