play-sharp-fill
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക്; നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക്; നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത

സ്വന്തം ലേഖകൻ

ഇടുക്കി: കടുത്ത ആശങ്ക ഉയർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്നു. ഇപ്പോൾ ജലനിരപ്പ് 136.80 അടിയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാണ് ആശങ്ക ഉയരുന്നത്.


വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇന്ന് ഇടുക്കിയില്‍ മഴ ഇല്ല എന്നത് അല്പം ആശ്വാസത്തിന് ഇടനൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. വീണ്ടും ജലനിരപ്പ് ഉയർന്ന് 142 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടി വരും. നിലവില്‍ ഡാം തുറക്കേണ്ട സാഹചര്യമില്ല. ഡാം തുറക്കുന്നില്ലെങ്കിലും സ്പില്‍വേയിലൂടെ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് കൊണ്ടുപാേകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്റിൽ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു.കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാം തുറന്നാൽ ആ വെള്ളമെത്തുക ഇടുക്കി ഡാമിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ തുറന്നുവിടുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള കഴിവ് ഇടുക്കിക്കുണ്ട്. ഇതിനുള്ള മുന്നൊരുക്കമെന്നോണം കഴിഞ്ഞദിവസങ്ങളിൽ ഇടുക്കിഡാമിലെ ചില ഷട്ടറുകൾ തുറന്നിരുന്നു. ആവശ്യമെങ്കില്‍ പെരിയാറിലെ ജലനിരപ്പ് കണക്കിലെടുത്ത് ഇടുക്കിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, കെ എസ് ഇ ബിയുടെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കക്കി, ഷോളയാർ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട്.