മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കൂട്ടി; സെക്കന്‍റില്‍ 3246 ഘന അടി വെള്ളം പുറത്തേക്ക്
സ്വന്തം ലേഖിക
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 60 സെന്‍റിമീറ്റര്‍ ആക്കി ഉയർത്തി.
തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കൂട്ടിയിട്ടുണ്ട്. ഏഴരമണി മുതല്‍ സെക്കന്‍റില്‍ 3246 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
141.95 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് സ്പില്‍ വേയിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു.
ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.68 അടിയിലെത്തി. 2401 അടിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട പരിധി.
ഇതിനു മുകളിലെത്തുകയും മഴ ശക്തമാകുകയും ചെയ്താല്‍ മാത്രം തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് കെഎസ്‌ഇബി നിലപാട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെളളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.
നദിയില്‍ ജലനിരപ്പ് കുറവായതിനാല്‍ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.