മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക കെ. അജിത: 2 ദിവസത്തിനുള്ളിൽ രാജി വെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
കോഴിക്കോട്: ലൈംഗികാതിക്രമ കേസിലുൾപ്പെട്ട എം. മുകേഷ് എം.എൽ.എ രണ്ട് ദിവസത്തിനുള്ളിൽ രാജി വെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ആക്‌ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിത പറഞ്ഞു.
വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസർക്കാർ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവർത്തനങ്ങൾ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടെന്നും അജിത വിമർശിച്ചു.
ആരോപണം ഉയർന്നാൽ പൊതുപ്രവർത്തകർ സ്ഥാനങ്ങളിൽനിന്ന് പുറത്തു പോകുന്ന കീഴ്‌വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ കേസ് തെളിഞ്ഞാൽ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം. ആരോപണം നേരിടുന്നവർ പുറത്തുപോകണമെന്നും അജിത പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റുപാർട്ടിക്കാർ സ്ഥാനത്തു തുടർന്നല്ലോ എന്ന ന്യായീകരണം ഇടതുസർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ പ്രവർത്തകരുടെ കൂട്ടായ്മ സി.പി.എം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത വ്യക്തമാക്കി.