play-sharp-fill
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍ കൊടുങ്കാറ്റുകളില്‍ ഏറ്റവും തട്ട് കിട്ടിയത് മുകേഷിന് ; കഥപറയാനും കഥ കേള്‍ക്കാനും ഇഷ്ടപ്പെടുന്ന മുകേഷിന്റെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുമ്പോള്‍, മലയാള സിനിമാ ലോകവും ഞെട്ടലിൽ ; ദിലീപിന്റെ ഇമേജിന് സമാനമായി വീഴുകയാണോ മുകേഷും?

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍ കൊടുങ്കാറ്റുകളില്‍ ഏറ്റവും തട്ട് കിട്ടിയത് മുകേഷിന് ; കഥപറയാനും കഥ കേള്‍ക്കാനും ഇഷ്ടപ്പെടുന്ന മുകേഷിന്റെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുമ്പോള്‍, മലയാള സിനിമാ ലോകവും ഞെട്ടലിൽ ; ദിലീപിന്റെ ഇമേജിന് സമാനമായി വീഴുകയാണോ മുകേഷും?

സ്വന്തം ലേഖകൻ

കഥകളുടെയും സൗഹൃദങ്ങളുടെ പേരിലായിരുന്നു, നടനും എംഎല്‍എയുമായ മുകേഷ് എന്നും അറിയപ്പെട്ടിരുന്നത്. സിനിമാ സെറ്റിലെത്തിയാല്‍ കഥ കേള്‍ക്കാനായി വട്ടംകൂടി നില്‍ക്കുന്ന വലിയൊരു സൗഹൃദ സദസ്സ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടാവും. ചലച്ചിത്രലോകത്തും, ജീവിതത്തിലുമുള്ള നര്‍മ്മങ്ങളൊക്കെപ്പറഞ്ഞ് മുകേഷ് എഴുതിയ രണ്ട് പുസ്തകങ്ങളും നല്ല രീതിയില്‍ വായനക്കാരെ ആകര്‍ഷിച്ചു. മുകേഷ് കഥകള്‍ എന്നായിരുന്നു ആദ്യത്തേതിന്റെ പേര്. മറ്റേത് വീണ്ടും മുകേഷ് കഥകള്‍.

അതിനുശേഷം അത്തരം കഥകളുമായി അദ്ദേഹം ‘മുകേഷ് സ്പീക്കിംഗ്’ എന്ന യുട്യൂബ് ചാനലിലൂടെയും രംഗത്തെത്തി. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ ഈ ചാനലിന്റെ ടീസര്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരുന്നു. അതില്‍ മുകേഷ് ഇങ്ങനെ പറയുന്നു-‘മലയാള സിനിമയിലെ മുന്‍ തലമുറയില്‍ ഇതുപോലെ കഥകളുടെ അക്ഷയഖനി കൂടെക്കൊണ്ടുനടന്നിരുന്ന ആളായിരുന്നു തിക്കുറിശ്ശി. പക്ഷേ അദ്ദേഹത്തോടൊപ്പം ആ കഥകളും മണ്‍മറഞ്ഞു. നമ്മുടെ തലമുറയുടെ കഥകള്‍ അങ്ങനെ നഷ്ടപ്പെടുത്തരുതെന്ന് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ്് ഈ ചാനല്‍ തുടങ്ങുന്നത്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ എന്നും കഥപറയാനും കഥ കേള്‍ക്കാനും ഇഷ്ടപ്പെടുന്ന മുകേഷിന്റെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുമ്ബോള്‍, സത്യത്തില്‍ മലയാള സിനിമാ ലോകം തന്നെ നടുങ്ങുകയാണ്. നടിമാരുടെ വാതിലില്‍ തുടര്‍ച്ചയായി മുട്ടി ശല്യം ചെയ്തതിന്റെ കഥകള്‍, പച്ചക്ക് ലൈംഗികത ആവശ്യപ്പെട്ടതിന്റെ കഥകള്‍, ഞാനറിയാതെ അമ്മയില്‍ ആര്‍ക്കും പ്രവേശനംകിട്ടില്ല എന്ന് ഭീഷണിപ്പെടുത്തിയതിന്റെ കഥകള്‍… എന്തിന് ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ആഞ്ഞ് ചവുട്ടിയതിന്റെ കഥകള്‍… ഒരു സ്ഥിരം ലൈംഗിക കുറ്റാരോപിതന്റെ വേഷപ്പകര്‍ച്ചകള്‍!

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍ കൊടുങ്കാറ്റുകളില്‍, ഏറ്റവും തട്ട് കിട്ടിയത് സിപിഎമ്മിന്റെ കൊല്ലം എംഎല്‍എകൂടിയായ എം മുകേഷിന് തന്നെയായിരുന്നു. പക്ഷേ ഇതൊന്നും പുതിയ സംഭവങ്ങള്‍ ആയിരുന്നില്ല. നേരത്തെ മീ ടു ആരോപണങ്ങളായും, സംഘടനക്ക് അകത്തെ പരാതികളുമായി ഒതുങ്ങിനിന്നവ ഇപ്പോള്‍, കാര്‍മേഘങ്ങളായി ഒന്നിച്ചുകൂടി മുകേഷിന് മേല്‍ അശിനിപാതമായി പതിക്കയാണ്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുകേഷിന്റെ കോലം നിന്ന് കത്തുകയാണ്. പ്രതിപക്ഷം, എംഎല്‍എയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുകയാണ്. നാലുപതിറ്റാണ്ടുകൊണ്ട് മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ട, സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായും, ചലച്ചിത്ര നിര്‍മ്മാതാവായും, എംഎല്‍എയായുമൊക്കെ തിളങ്ങിയ മുകേഷിന് ഈ 63-ാം വയസ്സില്‍ ജയിലില്‍പോവേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രിയ നടനില്‍നിന്ന് പീഡകനിലേക്കുള്ള മുകേഷിന്റെ പരിണാമം ഞെട്ടിക്കുന്നതാണ്.

നാടക കുടുംബത്തില്‍ ജനനം

നാടകാചാര്യന്‍ ഒ മാധവന്റെയും വിജയകുമാരിയുടെ മകനായി, 1957 മാര്‍ച്ച്‌ 5 ന് കൊല്ലത്താണ് മുകേഷ് ജനിച്ചത്. യഥാര്‍ത്ഥപേര് എം മുകേഷ് ബാബു. രണ്ട് സഹോദരിമാരുണ്ട്, സന്ധ്യ രാജേന്ദ്രന്‍, ജയശ്രീ. സന്ധ്യയും ഭര്‍ത്താവ് ഇ എ രാജേന്ദ്രനും നടനാണ്. പിതാവിന്റെ നാടകക്കളരി കണ്ടുവളര്‍ന്ന മുകേഷിന് അഭിനയം ചെറുപ്പത്തിലേ കമ്ബമായിരുന്നു.

കൊല്ലത്തെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി. തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും നേടി. സിനിമയിലേക്ക് വരുന്നതിന് മുമ്ബ് മുകേഷ് സ്റ്റേജ് നാടകങ്ങളില്‍ സജീവമായിരുന്നു.

1982-ല്‍ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടക്കം തന്നെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ മുകേഷിന്റെ തലവരമാറ്റിയത് പ്രിയദര്‍ശനാണ്. 80-കളുടെ മധ്യത്തില്‍, പ്രിയന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളില്‍ സപ്പോര്‍ട്ടിംഗ് റോളുകളില്‍ മുകേഷ് മലയാളികളെ ആര്‍ത്ത് ചിരിപ്പിച്ചു. 1985- ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലൂടെയാണ് മുകേഷ് കത്തിക്കയറി. അതില്‍ മോഹന്‍ലാലുമായുള്ള കോമ്ബോ ടീവിയില്‍ കാണുമ്ബോള്‍ ഇന്നും ചിരിവരും. ‘ഒരു ഉളുക്കിനും നമ്മെ വേണ്ട’ എന്ന് ഒരു പ്രത്യേക ശരീരഭാഷയില്‍ മുകേഷ് പറയുമ്ബോള്‍ ചിരിക്കാത്തവര്‍ ആരുണ്ട്?

തുടര്‍ന്ന് ഒരുപാട് ചിത്രങ്ങളില്‍ ലാല്‍- മുകേഷ് കോമ്ബോ ആവര്‍ത്തിക്കപ്പെട്ടു. നിന്നിഷ്ടം എന്നിഷ്ടം (1986), അടിവേരുകള്‍ (1986), ഹലോ മൈ ഡിയര്‍ റോംഗ് നമ്ബര്‍ (1986), മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986) എന്നിവ ഉദാഹരണള്‍. ഈ പടങ്ങള്‍ ഒക്കെയും വാണിജ്യവിജയങ്ങളായി. 1985-ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിബിമലയില്‍ ചിത്രത്തിലൂടെയാണ് സോളോ ഹീറോ എന്ന നിലയില്‍ അദ്ദേഹത്തിന്റെ രംഗപ്രവേശനം. ഇതും ജനശ്രദ്ധ ആകര്‍ഷിച്ചു. മമ്മൂട്ടിയുമായും വളരെ അടുത്ത ബന്ധമാണ് മുകേഷ് പുലര്‍ത്തിയിരുന്നത്. ആരും ഒരു അകലം സൂക്ഷിക്കുന്ന ഗൗരവക്കാരനായ മമ്മൂട്ടിയോട് എന്തും പറയാവുന്ന രീതിയിലുള്ള സൗഹൃദമായിരുന്നു മുകേഷിന്. സ്‌നേഹമുള്ള സിംഹം (1986), ശ്യാമ (1986), തനിയാവര്‍ത്തനം (1987), 1921 (1988), സംഘം (1988), മഹായാനം (1989), നായര്‍ സാബ് തുടങ്ങിയ വിജയചിത്രങ്ങളിലൂടെ 80-കളുടെ അവസാനത്തില്‍ മമ്മൂട്ടിയുടെ സഹകഥാപാത്രങ്ങളിലും അദ്ദേഹം തിളങ്ങി.

1988-ല്‍, മമ്മൂട്ടിയെ നായകനായ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന കള്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറില്‍ ചാക്കോ എന്ന പൊലീസുകാരനായി മുകേഷ് വേഷമിട്ടു. കാലക്രമേണ ചാക്കോ എന്ന കഥാപാത്രവും കള്‍ട്ടായി. ഇന്നും സോഷ്യല്‍ മീഡിയയില്‍ അത് ട്രോളം മീമും ആവുന്നു. 1989, 2004, 2005, 2022 എന്നീ വര്‍ഷങ്ങളില്‍ സിബിഐ പരമ്ബരയുടെ തുടര്‍ഭാഗങ്ങളില്‍ ചാക്കോ എന്ന കഥാപാത്രത്തെ മുകേഷ് വീണ്ടും അവതരിപ്പിച്ചു. നായകനായും, സഹനടനായും, ഹാസ്യനടനായും, ക്യാരക്ടര്‍ റോളിലുമൊക്കെയായി ഏത് വേഷത്തിനും പറ്റുന്ന ഒരു പ്രൊഫഷണല്‍ നടനായി അപ്പോഴേക്കും മുകേഷ് പരുവപ്പെട്ടിരുന്നു.

കമ്ബിളിപ്പുതപ്പിലൂടെ തരംഗം

പക്ഷേ മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1989 -ല്‍ ഇറങ്ങിയ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രമായിരുന്നു. തിയേറ്ററുകളില്‍ 200 ദിവസം ഓടി ചിത്രം തരംഗമായി. അതില്‍ നായകനേക്കാള്‍ കൈയടി കിട്ടിയത്, മുകേഷിന്റെ ഗോപാലകൃഷ്ണന്‍ എന്ന്, ജീവിക്കാന്‍ കഷ്ടപ്പെടുന്ന തരികിട കഥാപാത്രത്തിനായിരുന്നു. ഇതിലെ ‘കമ്ബിളിപ്പൊതപ്പ്, കമ്ബിളിപ്പൊതപ്പ്’ എന്ന ഡയലോഗിന് മുകേഷിന്റെ ‘കേള്‍ക്കുന്നില്ല’ കൗണ്ടര്‍ മലയാളത്തിലെ നിത്യഹരിത രംഗങ്ങളില്‍ ഒന്നായി. പിന്നീട് മുകേഷ് എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ സാനിധ്യത്തില്‍തന്നെ ഈ കമ്ബിളിപൊതപ്പ് ഉദാഹരണം പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചവന്നത്, നിയമസഭയില്‍ ഈയിടെ ചിരി പരത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച വന്ദനത്തിലെ മുകേഷിന്റെ ഡയലോഗുകളും ഇന്നും ചലച്ചിത്രപ്രേമികള്‍ നെഞ്ചിലേറ്റുന്നു.

റാംജി റാവു സ്പീക്കിംഗിന്റെ വിജയത്തിന് ശേഷമാണ് മുകേഷ് ഹീറോയായി മാറുന്നത്. തുടര്‍ന്ന് നായകനായ ‘ചെറിയ ലോകവും വലിയ മനുഷ്യരും’ എന്ന കൊച്ചു ഹാസ്യ സിനിമയും വന്‍ വാണിജ്യ വിജയമായി. പക്ഷേ, സിദ്ധീഖ്- ലാല്‍മാരുടെ അടുത്ത പടം, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവിനേക്കാള്‍ വലിയ ഹിറ്റായി. മലയാളത്തിലെ ഹാസ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് ഈ ചിത്രം തുടക്കം കുറിച്ചുവെന്ന് പില്‍ക്കാലത്ത് നിരൂപണങ്ങള്‍ വന്നു. ഈ സിനിമ മുകേഷിനെ താരമാക്കി.

ഇന്‍ ഹരിഹര്‍ നഗറിന്റെ വിജയത്തെ തുടര്‍ന്നാണ് മലയാളത്തില്‍ ലോ ബജറ്റ് കോമഡി തരംഗം ഉണ്ടാവുന്നത്. മുകേഷ്, ജഗദീഷ് അല്ലെങ്കില്‍ സിദ്ദിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഒരുപാട് കൊച്ചു ചിത്രങ്ങള്‍ അക്കാലത്തുണ്ടായി. മുകേഷ്- ജഗദീഷ്- സിദ്ദീഖ് അക്കാലത്ത്് ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. (ഇപ്പോള്‍ അതേ മുകേഷും സിദ്ദീഖും പീഡന ആരോപണങ്ങള്‍ നേരിട്ട് തളര്‍ന്ന് നില്‍ക്കുമ്ബോള്‍, അവരുടെ ‘അമ്മ’യിലെ അടക്കം എതിരാളി ഈ ജഗദീഷ് ആണ്. കാലത്തിന്റെ പോക്ക് അല്ലാതെ എന്ത് പറയാന്‍) ഗജകേസരിയോഗം ,ഒറ്റയാള്‍ പട്ടാളം, കൗതുക വര്‍ത്തകള്‍ എന്ന നിരവധി സോളോ ഹീറോ ചിത്രങ്ങളിലും വിജയം കണ്ടു. ഇതില്‍ കൗതുകവാര്‍ത്തകളിലെ, സ്ത്രീ ലമ്ബടനായ നായകന്‍ ഇപ്പോള്‍ മുകേഷിനെ തിരിഞ്ഞു കൊത്തുകയാണ്. ശരിക്കും ഇതേ സ്വഭാവമാണ് മുകേഷിന് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിക്കുന്നത്.

പക്ഷേ മുകേഷിന്റെ കരിയര്‍ ബെസ്റ്റ് ബ്ലോക്ക് ബസ്റ്റര്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1991-ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍, തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയേറ്ററില്‍ 417 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഈ റെക്കോര്‍ഡ്് ഇനി ഒരു ചിത്രത്തിന് മറികടക്കാന്‍ കഴിയില്ല എന്ന് ഉറപ്പാണ്. പിന്നീട് മുകേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ വിജയിച്ച തന്റെ ചിത്രങ്ങള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്ബോള്‍, മുകേഷ് ഒക്കെ ചെയ്ത വേഷങ്ങള്‍ അതുപോലെ ചെയ്ത ഫലിപ്പിക്കാനാണ് ആളെ കിട്ടാത്തതെന്ന്.

ആങ്കര്‍, പ്രൊഡ്യുസര്‍, പൊളിറ്റീഷ്യന്‍

പക്ഷേ ഗോഡ്ഫാദറിനുശേഷമുള്ള അദ്ദേഹത്തിന്റെ സോളോ നായകവേഷങ്ങള്‍ പലതും പരാജയമായിരുന്നു. പക്ഷേ സഹനടനും, സ്വഭാവ നടനുമായി അദ്ദേഹം പിടിച്ചുനിന്നു. ഈ ന്യൂജന്‍ കാലത്ത് ദൂല്‍ഖറിന്റെയും ഫഹദിന്റെയുമൊക്കെ അച്ഛന്‍ വേഷം ചെയ്ത അദ്ദേഹം തിളങ്ങി.

ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മുകേഷ് പേരെടുത്തു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡീല്‍ ഓര്‍ നോ ഡീലിന്റെ മലയാളം പതിപ്പിന്റെ അവതാരകനായിരുന്നു മുകേഷ്. 2013 മുതല്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ച രമേഷ് പിഷാരടിയുടെ അവതാരകനായ ബഡായി ബംഗ്ലാവ് എന്ന കോമഡി സെലിബ്രിറ്റി ടോക്ക് ഷോയില്‍ മുകേഷ് ഉണ്ടായിരുന്നു. അതില്‍ മുകേഷ് പറയുന്ന പല കഥകളും ചര്‍ച്ചയായിരുന്നു. പരിപാടി നമ്ബര്‍ വണ്‍ റേങ്ങിങ്ങുള്ള പ്രോഗ്രാമായി മാറി. വെറുതെ ഒരു കസേരയില്‍ ഇരുന്ന് ലക്ഷങ്ങള്‍ വാങ്ങുന്ന നടന്‍ എന്നൊക്കെയുള്ള ട്രോളുകളും ഈ പരിപാടിയുടെ ഭാഗമായി മുകേഷിന് വന്നു. പിന്നീട് മഴവില്‍ മനോരമയുടെ നൃത്ത പരിപാടികളിലും അദ്ദേഹം വിധികര്‍ത്താവായി. ഈ സമയത്ത് നവ്യാ നായരെ ട്രോളിക്കൊണ്ട് പറഞ്ഞ, ഇന്റേണല്‍ ഓര്‍ഗന്‍സ് വാഷ് ചെയ്ത് ശരീരത്തില്‍ തന്നെ ഒളിപ്പിക്കുന്ന സന്യാസിമാരുടെ കോമഡിയൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിജയിച്ച്‌ ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് മുകേഷ്. കഥ പറയുമ്ബോള്‍ (2007) എന്ന അദ്ദേഹം സഹനിര്‍മ്മാതാവായ മമ്മൂട്ടി ചിത്രം ഹിറ്റായിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ചിത്രം നേടി. 2012-ല്‍ പുറത്തിറങ്ങിയ തട്ടത്തിന് മറയത്ത് എന്ന ചിത്രവും അദ്ദേഹം നിര്‍മ്മിച്ചു. ഇത് മലയാളത്തിന്റെ നവതരംഗത്തിന്റെ നിര്‍ണായക ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

2016-ലാണ് മുകേഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകകയും, സജീവ രാഷ്ട്രീയത്തില്‍ എത്തുകയും ചെയ്തത്. അതുവരെ ചില തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിച്ചു എന്നത് ഒഴിച്ചാല്‍ പറയത്തക്ക രാഷ്ട്രീയ ബന്ധമൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. മാത്രമല്ല, മുകേഷിന്റെ പിതാവ് ഒ മാധവന്‍ ഉള്‍പ്പെടുയുള്ളവര്‍ സിപിഐയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. അതോടെ സിപിഐയുടെ കൈയില്‍നിന്ന് മുകേഷിനെ സിപിഎം റാഞ്ചിയെന്നും പ്രചാരണം വന്നു. സത്യത്തില്‍ സിപിഎം നേതാവ് എംഎം ബേബിയുമായുള്ള സൗഹൃദമായിരുന്നു മുകേഷിന്റെ മത്സരരംഗത്തേക്ക് എത്തിച്ചത്. നേരത്തെ സംഗീത നാടക അക്കാദമി ചെയര്‍മാനായതും, ബേബിയുടെ താല്‍പ്പര്യാര്‍ത്ഥമായിരുന്നു.

2016 -ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം അസംബ്ലി മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വീണ്ടും വിജയിച്ചു . പക്ഷേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്ത 17,611-ല്‍ വോട്ടില്‍നിന്ന് 2,072 ആയി കുറഞ്ഞു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മുകേഷ് മത്സരിച്ചുവെങ്കിലും വന്‍ ഭൂരിപക്ഷത്തിന് തോല്‍ക്കാനായിരുന്നു വിധി. ഇപ്പോള്‍ ഇത്രയും കടുത്ത ആരോപണങ്ങള്‍ക്കിടെ മുകേഷിന് ഒരു ടേം കൂടി കിട്ടില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കയാണ്.

അന്തസ് വേണമെടാ അന്തസ്!

എംഎല്‍എ ആയിരിക്കുമ്ബോവള്‍ തന്നെ നിരവധി പരാതികളാണ് മുകേഷിന് നേരെ ഉണ്ടായത്. ഒരുഘട്ടത്തില്‍ സ്ഥലം എംഎല്‍എയെ കാണാനില്ല എന്നുപോലും പരാതി ഉയര്‍ന്നിരുന്നു. സാമാജികനായിട്ടും മുകേഷ്, സിനിമാ അഭിനയവും ചാനല്‍ ഷോകളും ഒന്നും നിര്‍ത്തിയിരുന്നില്ല. അതോടെ മണ്ഡലത്തിലെ പല പരിപാടികള്‍ക്കും എംഎല്‍എയെ കിട്ടാത്ത അവസ്ഥ വന്നു. ഇത് പാര്‍ട്ടിക്കുള്ളിലും വലിയ പ്രതിഷേധം ഉയര്‍ത്തി. കൊല്ലം എംഎല്‍എ മുകേഷിനുള്ളതിനേക്കാള്‍ ആരാധകര്‍, തന്റെ കഥാപാത്രങ്ങളായ ഗോവിന്ദന്‍കുട്ടിക്കും മഹാദേവനുമാണ് ഉള്ളത്. സിനിമ നിര്‍ത്തിയാല്‍ പിന്നെ താന്‍ ഇല്ല എന്നായിരുന്നു ഇതിന് മറുപടിയായി മുകേഷ് സുഹൃത്തുക്കളോട് പറഞ്ഞത്. അതില്‍ ശരിയും ഉണ്ടായിരുന്നു.

മുകേഷിനെതിരെ പ്രധാന പരാതിയായി വന്ന ഒരുകാര്യം, തനിക്ക് വരുന്ന ഫോണ്‍ കോളുകളോട് പ്രതികരിക്കുന്ന രീതിയാണ്. അത്തരം ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ മുകേഷ് പറഞ്ഞ ഡയലോഗുകള്‍ പലതും പിന്നീട് മീമായും മറ്റും മാറിയിട്ടുമുണ്ട്. ഒരിക്കല്‍ ഫോണില്‍ സഹായം ചോദിച്ച്‌ വിളിച്ച വിദ്യാര്‍ഥിയോട് പരുഷമായി സംസാരിച്ച മുകേഷിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു.ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാള്‍ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് അന്ന് സമൂഹ മാധ്യമങ്ങളില്‍ പലരും കുറിച്ചത്. അതുപോലെ തന്നെ രാത്രിയില്‍ തന്നെ വിളിച്ച ആരാധകനോട്,’ അന്തസ് വേണമെടാ അന്തസ്’ എന്ന് മുകേഷ് പ്രതികരിച്ചതും വൈറലായിരുന്നു. ഇതും മീമായും ട്രോളായും മാറി.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഒരു പത്താം ക്ലാസുകാരനാണ്, മുകേഷിനോട് പരാതി പറയാന്‍ വിളിച്ചത്. കൂട്ടുകാരന്‍ കൊടുത്ത നമ്ബര്‍ ഉപയോഗിച്ചായിരുന്നു വിളി. ഫോണ്‍ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു മുകേഷിന്റെ സംസാരം. ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എംഎല്‍എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത,് എന്നുതുടങ്ങി ശകാരവര്‍ഷമായിരുന്നു വിദ്യാര്‍ത്ഥിക്ക് നേരെ മുകേഷ് നടത്തിയത്. പലവട്ടം മുകേഷിന്റെ ഫോണ്‍ കോളുകള്‍ സോഷ്യല്‍മീഡിയയില്‍ ലീക്കായിട്ടുണ്ട്. ചിലര്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ മനപൂര്‍വം വിളിച്ച്‌ ഉപദ്രവിക്കുന്നതാണെന്ന് മുകേഷും പറഞ്ഞിരുന്നു. ഇങ്ങനെ നിരന്തരം ശല്യം ചെയ്യുന്നവര്‍ക്കെതിരെ മാത്രമാണ് താന്‍ മോശമായി പ്രതികരിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാദമായ കുടുംബജീവിതം

മുകേഷിന്റെ കുടുംബ ജീവിതവും വിവാദമയമാണ്. 1988-ല്‍ തെന്നിന്ത്യന്‍ ചലച്ചിത്ര നടി സരിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. 2011-ല്‍ അവര്‍ വിവാഹമോചനം നേടി. മൂത്ത മകന്‍ ശ്രാവണ്‍ അഭിനയരംഗത്തുണ്ട്. 2013 ഒക്ടോബര്‍ 24-ന് നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിച്ചു. 2021-ല്‍ ഇരുവരും വിവാഹമോചതരായി.

മുകേഷുമായി, സരിത പിരിച്ചതിനെ തുടര്‍ന്ന് ധാരാളം ഗോസിപ്പുകള്‍ ചലച്ചിത്ര മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് സരിത മുകേഷിനെക്കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മുഖാമുഖം എന്ന പരിപാടിയില്‍ മുകേഷിന്റെ ആദ്യഭാര്യ സരിതയുമായി നടത്തിയ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദീപാ നിശാന്തിനെപ്പോലുള്ള സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ അത് ഷെയര്‍ ചെയ്തിട്ടുണ്ട്.

അതില്‍ താന്‍ മുകേഷില്‍നിന്ന് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ ഇങ്ങനെയാണ് സരിത പറയുന്നത്. -‘ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു..ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു.. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്ബോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച്‌ ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു….

‘എന്തുകൊണ്ടു പോലീസില്‍ പരാതിപ്പെട്ടില്ല?’ എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെ:-‘അത് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു.. എന്റെ അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്.. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു… ഒരിക്കല്‍ അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്ബില്‍ വെച്ച്‌ (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചപ്പോള്‍ അതിനു ശേഷം ഞാന്‍ ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ ടാക്സ് കാര്യങ്ങള്‍ക്കായി ഞാന്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ എന്നെ കൊണ്ടുപോകാനായി വന്നു.. എയര്‍പോര്‍ട്ടില്‍ വെച്ച്‌ അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്.. ഞാന്‍ പറഞ്ഞു: ‘ഇല്ലച്ഛാ .. പങ്കജില്‍ റൂമെടുത്തിട്ടുണ്ട്..ഞാന്‍ വരുന്നില്ല.. ‘എന്ന് .അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വെച്ച്‌ ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച്‌ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്,: ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം… പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്.’ എന്നൊക്കെ പറഞ്ഞു.. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. ‘- സരിത പറയുന്നു.

ഗര്‍ഭിണിയായപ്പോള്‍ വയറ്റില്‍ ചവിട്ടി

തുടര്‍ന്ന് തനിക്ക് മുകേഷില്‍നിന്ന് അനുഭവിക്കേണ്ടി വന്ന ക്രുരതകള്‍ സരിത എണ്ണിപ്പറയുന്നുണ്ട്- ‘എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു… ആര്‍ക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്.. മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു… ഒരു കടമകളും അദ്ദേഹം ചെയ്തില്ല.. അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോള്‍ ‘നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്.. ഒറ്റക്ക് ആ സന്ദര്‍ഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു.. എനിക്ക് മറ്റാരുമില്ലായിരുന്നു..

ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു.. വീണപ്പോള്‍ ഞാന്‍ കരഞ്ഞു.. അത്തരം സന്ദര്‍ഭങ്ങളില്‍ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ‘ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കല്‍ ഞാന്‍ നിറഗര്‍ഭിണിയായിരിക്കെ ഒമ്ബതാം മാസത്തില്‍ ഞങ്ങളൊന്നിച്ച്‌ പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പിറകെ ഓടി താഴെ വീണു.. ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു.. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു..

ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച്‌ കടന്നു വന്നപ്പോള്‍ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹമെന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച്‌ നിലത്തിഴച്ചു.. മര്‍ദ്ദിച്ചു…. ‘- സരിത പറയുന്നു. അതുപോലെ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയതും, കോടതിയില്‍ കുട്ടികളെ വേര്‍പിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തും എല്ലാം അഭിമുഖത്തില്‍ അവര്‍ തുറന്നടിക്കുന്നുണ്ട്.

ഈ അഭിമുഖം ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കിളുകളിലും വൈറല്‍ ആവുകയാണ്. അഭിമുഖം ഷെയര്‍ ചെയ്തശേഷം ദീപാ നിശാന്ത് ഇങ്ങനെ എഴുതുന്നു. -‘ചില കാര്യങ്ങള്‍ പറയേണ്ട സമയത്തു തന്നെ പറയണം.. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാല്‍പ്പതു വട്ടം നാടക പാരമ്ബര്യവും കുടുംബ പാരമ്ബര്യവും രാഷ്ട്രീയപാരമ്ബര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത് ‘.

ഇതോടെ ഒരുകാര്യം ഉറപ്പായിരിക്കയാണ്, ഇടതപക്ഷത്തും മുകേഷിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. പാര്‍ട്ടിയിലും ഒരു വിഭാഗത്തിന് അനഭിമതനായി അദ്ദേഹം മാറിയിട്ടുണ്ട്. എംഎല്‍എ എന്ന നിലയില്‍ ജനകീയനാകാനും സാധിച്ചില്ല. നടന്‍ എന്ന പ്രവിലേജിന്റെ ഹുങ്കില്‍ ആരെയും എത്രകാലവും ചൂഷണം ചെയ്യാമെന്ന് കരുതിയതാണ് മുകേഷിന് പറ്റിയ തെറ്റ്. കാലം മാറിയതും, നേരം വെളുത്തതുമൊക്കെ മുകേഷ് മറന്നുപോയി. സരിതയുമായുള്ള ഡിവോഴ്സിനുശേഷവും മുകേഷ് ഒന്നും പഠിച്ചില്ല. മേതില്‍ ദേവിക പരസ്യമായി മുകേഷിനെതിരെ ഒരു കുറ്റവും പറയാതെയാണ് പിരിഞ്ഞത്.

പണവും പദവിയുമൊക്കെ ആവശ്യത്തിലേറെ ഉണ്ടായിട്ടും, മുകേഷിന് തന്റെ ടോക്സിക്ക് സെക്ഷ്വല്‍ അബ്യൂസില്‍നിന്ന് മാറി നടക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം. ഒരുകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച നടന്‍ ഇപ്പോള്‍ അവരുടെ മനസ്സില്‍ വില്ലനാണ്. സ്വയം കൃതമായ അനര്‍ത്ഥം എന്നല്ലാതെ ഇതില്‍നിന്ന് ഒന്നും പഠിക്കാനില്ല.

വാല്‍ക്കഷ്ണം: ബഡായി ബംഗ്ലാവില്‍ അടക്കം മുകേഷ് അടിക്കുന്ന പല തമാശകളും, സ്ത്രീവിരുദ്ധമായ സെക്സ്ജോക്്സ് ആണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നൊന്നും ഒരു തിരുത്തലിനുള്ള ശ്രമവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മുകേഷിന്റെ കോമഡി സീനുകള്‍ ടീവിയില്‍ വരുമ്ബോള്‍ പോലും ചിരിക്കാന്‍ കഴിയുന്നില്ല എന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിലും വാസ്തവുണ്ട്. നടിയെ ആക്രമിച്ച കേസിന് ശേഷമുള്ള ദിലീപിന്റെ ഇമേജിന് സമാനമായി വീഴുകയാണോ മുകേഷും?.