പഴയ ബാങ്ക് സ്ട്രോങ്ങ് റൂമില്‍ വെച്ച്‌ മര്‍ദ്ദിച്ചത് കൈകള്‍ കൂട്ടികെട്ടി വായില്‍ തുണി തിരുകി;  മര്‍ദ്ദിക്കുന്ന  ദൃശ്യങ്ങൾ ഭാര്യയ്ക്കും അയച്ചുകൊടുത്തു; കൂടുതൽ പീഡനം ഭയന്ന് മുജീബ് ആത്മഹത്യ ചെയ്തതോ….?  പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന കഥകള്‍…!

പഴയ ബാങ്ക് സ്ട്രോങ്ങ് റൂമില്‍ വെച്ച്‌ മര്‍ദ്ദിച്ചത് കൈകള്‍ കൂട്ടികെട്ടി വായില്‍ തുണി തിരുകി; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ ഭാര്യയ്ക്കും അയച്ചുകൊടുത്തു; കൂടുതൽ പീഡനം ഭയന്ന് മുജീബ് ആത്മഹത്യ ചെയ്തതോ….? പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന കഥകള്‍…!

സ്വന്തം ലേഖിക

മലപ്പുറം: കോട്ടക്കല്‍ സ്വദേശി മുജീബിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 12 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ഇതോടുകൂടി പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. കോട്ടയ്ക്കല്‍ വില്ലൂര്‍ പള്ളിത്തൊടിയില്‍ മുജീബ് റഹ്മാനെ (29) മസാട്ടെ തുണിക്കടയുടെ ഗോഡൗണില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിക്കൊണ്ടു പോകലിന്റെയും ക്രൂര മര്‍ദ്ദനത്തിന്റെയും ഇരയായിരുന്നു മുജീബ്. ക്രൂരമായ ശാരീരിക പീഡനം മുജീബിനെ ആത്മഹത്യയിലേക്ക് നയിച്ചതാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മമ്പാട് സുലു ക്ലോത്ത് കാസില്‍ ഉടമ മഞ്ചേരി കാരക്കുന്നിലെ മൂലത്ത് അബ്ദുല്‍ ഷഹദ് (ബാജു-23), നടുവന്‍തൊടിക ഫാസില്‍ (23), കൊല്ലേരി മുഹമ്മദ് മിഷാല്‍ (22) ചിറക്കല്‍ മുഹമ്മദ് റാഫി (23), പയ്യന്‍ ഷബീബ് (28), പുല്‍പറ്റ ചുണ്ടാംപുറത്ത് ഷബീര്‍ അലി (23), മരത്താണി മേച്ചേരി മുഹമ്മദ് റാഫി (27), മംഗലശ്ശേരി നമ്പന്‍കുന്നന്‍ മര്‍വാന്‍ (23), കാരാപറമ്പന്‍ വള്ളിപ്പാടന്‍ അബ്ദുല്‍ അലി (36), നറുകര പുത്തലത്ത് ജാഫര്‍, (26), മഞ്ചേരിയിലെ വാടകസ്റ്റോര്‍ ഉടമ കിഴക്കേത്തല പെരുംപള്ളി കുഞ്ഞഹമ്മദ് (56), മകന്‍ മുഹമ്മദ് അനസ് (25) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. ഒരു പ്രതി ഒളിവിലാണ്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്…

ഒന്നാം പ്രതി ഷഹദിന്റെ മഞ്ചേരി 32ലെ ഹാര്‍ഡ്‌വെയര്‍ കടയിലെ ജീവനക്കാരനാണ് മറ്റൊരു പ്രതിയായ ഷബീര്‍ അലി. അബ്ദുല്‍ അലിയും ജാഫറും മഞ്ചേരി ടൗണില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. വെല്‍ഡിങ് ഉള്‍പ്പെടെ ഇന്‍ഡസ്ട്രിയല്‍ ജോലികള്‍ കരാറെടുക്കുന്ന ആളാണ് മരിച്ച മുജീബ് റഹ്മാന്‍. 2 മാസം മാസം മുന്‍പ് ഷഹദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്ന് വെല്‍ഡിങ് സാമഗ്രികളും മറ്റും വാങ്ങിയ ഇനത്തില്‍ 64,000 രൂപ മുജീബിന് കടബാധ്യതയുണ്ട്. അബ്ദുല്‍ അലിക്കും മുജീബ് പണം കൊടുക്കാനുണ്ട്. കുഞ്ഞഹമ്മദിന്റെ സ്റ്റോറില്‍നിന്ന് വാടകയ്ക്കെടുത്ത വെല്‍ഡിങ് യന്ത്രവും തിരിച്ചുകൊടുത്തില്ലെന്ന് മുജീബിനെതിരെ പരാതിയുണ്ട്.

എല്ലാവരും മുജീബിനെ അന്വേഷിച്ചെങ്കിലും താമസം മാറ്റിയതിനാല്‍ കണ്ടെത്താനായില്ല തുടര്‍ന്ന് ഷഹദ് സുഹൃത്തുക്കളുമായി ചേര്‍ന്ന് മുജീബിനെ പിടിച്ചുകൊണ്ടുവരാന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇയാളെ കണ്ടുപിടിക്കാന്‍ അബ്ദുല്‍ അലി, ജാഫര്‍ എന്നിവര്‍ക്ക് 10,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. ഓമാനൂരില്‍ മുജീബിന്റെ താമസസ്ഥലം ഇരുവരും മനസ്സിലാക്കി.

17ന് ഉച്ചയ്ക്ക് 3.30ന് അബ്ദുല്‍ അലി, മുജീബിന്റെ ജോലിസ്ഥലത്തെത്തി പണമാവശ്യപ്പെട്ടു ബഹളമുണ്ടാക്കി. ഇരുവരും തമ്മില്‍ ഉന്തും തള്ളും നടന്നു. തിരികെ പോയ അബ്ദുല്‍ അലി ഷഹദിനെയും കുഞ്ഞഹമ്മദിനെയും വിവരം അറിയിച്ചു. എല്ലാവരും മഞ്ചേരി തുറക്കലില്‍ ഒത്തുചേര്‍ന്ന് തട്ടിക്കൊണ്ടുവരാന്‍ പദ്ധതിയിട്ടു. രാത്രി 7ന് ഓമാനൂരില്‍നിന്ന് മുജീബിനെ പിടികൂടി കാരക്കുന്ന് ഹാജിയാര്‍ പള്ളിയിലെ വിജനമായ മൈതാനത്തെത്തിച്ചു. കൈകള്‍ കൂട്ടിക്കെട്ടി മര്‍ദിച്ചു. രാവിലെ പണം എത്തിച്ചുതരാമെന്ന് അറിയിച്ചിട്ടും മര്‍ദനം തുടര്‍ന്നതായി പൊലീസ് പറഞ്ഞു.

നിലവിളിച്ചപ്പോള്‍ വായില്‍ തുണി തിരുകി മര്‍ദനം തുടര്‍ന്നു. കൈകള്‍ കൂട്ടിക്കെട്ടിയ മുജീബിന്റെ ദൃശ്യം ഭാര്യ പാണ്ടിക്കാട് സ്വദേശിനി പുലിക്കോട്ടില്‍ രഹ്നയ്ക്ക് അയച്ചുകൊടുത്തു. 4.30ന് മുജീബിനെ കാറില്‍ കയറ്റി മമ്ബാട്ടെ തുണിക്കടയുടെ ഗോഡൗണില്‍ എത്തിച്ചു. കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച്‌ മര്‍ദനം തുടര്‍ന്നു. അങ്ങാടിയില്‍ പുലര്‍ച്ചെ ആളുകളിറങ്ങിത്തുടങ്ങിയതോടെ മര്‍ദനം നിര്‍ത്തി പ്രതികള്‍ മുറി പൂട്ടി പുറത്തുപോയി. മുന്‍പ് ബാങ്കിന്റെ സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവും കടക്കാത്ത മുറിയിലാണ് പൂട്ടിയിട്ടത്. രാവിലെ 10ന് തിരിച്ചെത്തിയ ഫാസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ ഷഹദും ചേര്‍ന്ന് മൃതദേഹം കെട്ടഴിച്ച്‌ നിലത്തുകിടത്തി തുണിയിട്ടു മൂടി.

കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ കൂടുതല്‍ പീഡനം ഭയന്ന് തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച ഷഹദിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയും മറ്റൊരു കാറും കിട്ടാനുണ്ട്. അന്യായമായ സംഘം ചേരല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ആത്മഹത്യാ eപ്രരണ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.എസ് ഐമാരായ നവീന്‍ഷാജ്, എം.അസൈനാര്‍, എഎസ്‌ഐ വി.കെ.പ്രദീപ്, റെനി ഫിലിപ്, സതീഷ് കുമാര്‍, കെ.അനില്‍ കുമാര്‍, എ.ജാഫര്‍, എന്‍.പി.സുനില്‍, കെ.ടി.ആഷിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് കേ സ് അന്വേഷിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.