പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊങ്ങിയത് കാമുകിയുടെ അടുത്ത് ; രഹസ്യമായി കാമുകിയെ നിരീക്ഷിച്ചു വന്ന പൊലീസ് യുവാവിനെ പൊക്കി അകത്താക്കി

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊങ്ങിയത് കാമുകിയുടെ അടുത്ത് ; രഹസ്യമായി കാമുകിയെ നിരീക്ഷിച്ചു വന്ന പൊലീസ് യുവാവിനെ പൊക്കി അകത്താക്കി

സ്വന്തം ലേഖകൻ

ബാലുശ്ശേരി: പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊലീസ് പിടിയിൽ. കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മുഹമ്മദ് സറീഷിനെ (24)യാണ് പൊലീസ് പിടി കൂടിയത്.

പൊന്നാനിയിൽ കാമുകിയെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കുടുക്കിയത്. ഫെബ്രുവരി നാലിന് വാഹനത്തിൽ 4.200 കി.ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് ് മുഹമ്മദ് സറീഷിനെയും കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്ത പ്രതികളെ അന്ന് രാത്രി വീഡിയോ കോൺഫറൻസ് മുഖേന മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ തള്ളിവീഴ്ത്തി പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെ ഓടിച്ച് പിടിച്ചെങ്കിലും മുഹമ്മദ് സറീഷ് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സമീപപ്രദേശങ്ങളിലും പറമ്പുകളിലും പുലരുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും വിവരം കൈമാറുകയും ജില്ല അതിർത്തികളിലും മറ്റും പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

രക്ഷപ്പെട്ട പ്രതി അന്ന് രാത്രി ബാലുശ്ശേരി കോട്ടനട ഭാഗത്തെ ആളില്ലാത്ത വീടിന്റെ ടെറസ്സിൽ ഒളിച്ചുതാമസിച്ചശേഷം രാവിലെയോടെ പേരാമ്പ്രയിലെ വീട്ടിലെത്തി വസ്ത്രങ്ങൾ എടുത്തശേഷം തൃശൂർ കുന്നംകുളം ഭാഗത്തേക്കു പോയി അവിടെ കറങ്ങുകയായിരുന്നു.

തുടർന്ന് ഞായറാഴ്ച രാവിലെ ഗുരുവായൂരിലെത്തി അവിടെനിന്ന് പൊന്നാനിയിലെ ഒരു മതസ്ഥാപനത്തിൽ താമസിക്കുന്ന കാമുകിയെ കാണാൻ എത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്.പൊന്നാനിയിൽ കാമുകിയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

പൊന്നാനി പൊലീസിന്റെ സഹായത്തോടെ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പൊന്നാനിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എറണാകുളത്തും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ. മധു, എ.എസ്.ഐമാരായ പൃഥ്വിരാജ്, സജീവൻ, റഷീദ്, ഡ്രൈവർ ഗണേശൻ എന്നിവരും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം വീഡിയോ കോൺഫറൻസ് വഴി പേരാമ്പ്ര കോടതി മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.