play-sharp-fill
ഷാബാ ഷെരീഫിന്റെ കൊലപാതകം ; അറസ്റ്റിലായ റിട്ട. എസ്‌ഐയുമായി നിലമ്പൂർ  പോലീസ് വയനാട്ടില്‍ തെളിവെടുത്തു

ഷാബാ ഷെരീഫിന്റെ കൊലപാതകം ; അറസ്റ്റിലായ റിട്ട. എസ്‌ഐയുമായി നിലമ്പൂർ പോലീസ് വയനാട്ടില്‍ തെളിവെടുത്തു

സ്വന്തം ലേഖിക

സുല്‍ത്താന്‍ബത്തേരി : മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ റിട്ട.
എസ്.ഐ. സുന്ദരന്‍ സുകുമാരനുമായി നിലമ്ബൂര്‍ പോലീസ് വയനാട്ടില്‍ തെളിവെടുത്തു. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിലും പുത്തന്‍കുന്നില്‍ നിര്‍മാണത്തിലുള്ള ആഡംബരമാളികയിലും സുന്ദരന്റെ കോളേരിയിലുള്ള വീട്ടിലും അമ്ബലവയല്‍ പോലീസ് സ്റ്റേഷനിലുമാണ് വെള്ളിയാഴ്ച അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

സുന്ദരനുമായി അന്വേഷണസംഘം ആദ്യമെത്തിയത് അമ്ബലവയല്‍ പോലീസ് സ്റ്റേഷനിലാണ്. വിരമിക്കുന്നതിനുമുമ്ബ് സുന്ദരന്‍ അവസാനമായി ജോലിചെയ്തത് ഇവിടെയാണ്. ഈസമയത്ത് കൈകാര്യംചെയ്ത കേസ് റിപ്പോര്‍ട്ടുകളിലെ കൈയക്ഷരം പരിശോധിക്കാനാണ് അന്വേഷണസംഘമെത്തിയത്. ഷൈബിന്റെ നേതൃത്വത്തില്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച ചിലരേഖകളിലെ കൈയക്ഷരവും സുന്ദരന്റെ കൈയക്ഷരവും പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സുന്ദരന്റെ കോളേരിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിയെങ്കിലും വീടുപൂട്ടിയിരുന്നതിനാല്‍ പരിശോധന നടന്നില്ല. ഉച്ചയ്ക്കുശേഷം ഷൈബിന്റെ മന്തണ്ടിക്കുന്നിലെ വീട്ടിലും പുത്തന്‍കുന്നിലെ മാളികയിലും തെളിവെടുപ്പ് നടത്തി. ഷൈബിനും സംഘത്തിനുമൊപ്പം ഒട്ടേറെത്തതവണ സുന്ദരന്‍ ഈവീടുകളില്‍ വന്നിട്ടുണ്ട്. ഷൈബിന്റെ നേതൃത്വത്തില്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണംചെയ്തത് ഇവിടെവെച്ചാണെന്നാണ് സൂചന.

മേയ് ആദ്യം ഷൈബിനും സംഘവും അറസ്റ്റിലായതിനുപിന്നാലെ സുന്ദരന്‍ ഒളിവില്‍പ്പോയി. മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസത്തോളം ഒളിവിലായിരുന്ന ഇയാള്‍ ഓഗസ്റ്റ് പത്തിന് ഇടുക്കി മുട്ടം കോടതിയില്‍ കീഴടങ്ങി. റിമാന്‍ഡ് ചെയ്ത സുന്ദരനെ രണ്ടുദിവസംമുമ്ബാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

ഷൈബിന്റെ നിയമോപദേശകനും സഹായിയുമായ സുന്ദരനാണ് ഈ കേസിലെ തെളിവുനശിപ്പിക്കാന്‍ സഹായിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സുന്ദരന്റെ കോളേരിയിലെ വീട്ടില്‍ നേരത്തേ പോലീസ് നേടത്തിയ പരിശോധനയില്‍ ലഭിച്ച ഇയാളുടെ ഡയറിയില്‍നിന്ന് മറ്റു നിര്‍ണായകവിവരങ്ങളും കിട്ടി. സുന്ദരന്റെ പാസ്‌പോര്‍ട്ടില്‍നിന്ന് സര്‍വീസിലിരിക്കെ ഷൈബിന്റെ കൂടെ അബുദാബിയിലേക്ക് യാത്രചെയ്തതിന്റെ തെളിവുകളും കിട്ടിയിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും സുന്ദരന് പങ്കുള്ളതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഷൈബിന്‍ അഷ്‌റഫും സുന്ദരനും തമ്മില്‍ വന്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റുപ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വയനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ.യായി ജോലിചെയ്ത സുന്ദരന്‍, സര്‍വീസിലുള്ള കാലംമുതല്‍തന്നെ ഷൈബിന്‍ അഷ്‌റഫുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ഷൈബിനെതിരേ മുമ്ബുണ്ടായിരുന്ന കേസുകളെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചത് സുന്ദരനാണെന്ന് ആരോപണമുണ്ടായിരുന്നു. തെളിവെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയാക്കും. നിലമ്ബൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവും സംഘവും ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുന്നുണ്ട്. അന്വേഷണത്തോട് മുന്‍ എസ്.ഐ. കാര്യമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.

ഒളിവിലായിരിക്കെ ഇയാള്‍ താമസിച്ച സ്ഥലങ്ങളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം ശനിയാഴ്ച സുന്ദരനെ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.