മരട് ഫ്‌ളാറ്റ് ഒഴിഞ്ഞുപോക്ക് തകൃതിയായ് നടക്കുന്നു ; മൂന്നരലക്ഷം രൂപയുടെ സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്ക് ; ചുളു വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിക്കിതിരക്കി ജനങ്ങൾ

മരട് ഫ്‌ളാറ്റ് ഒഴിഞ്ഞുപോക്ക് തകൃതിയായ് നടക്കുന്നു ; മൂന്നരലക്ഷം രൂപയുടെ സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്ക് ; ചുളു വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിക്കിതിരക്കി ജനങ്ങൾ

സ്വന്തം ലേഖിക

കൊച്ചി: വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയുമായി മരട് ഫ്‌ളാറ്റും പരിസരവും യുദ്ധത്തിന് സമാനമായിരുന്നു. വാനുകൾ, ബ്രോക്കർമാർ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുമോയെന്ന് അറിയാൻ വന്നവർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വൻ പട തന്നെയുണ്ടായിരുന്നു. ഇതിനിടയിൽ താമസക്കാർക്ക് വളരെ പതുക്കയേ ഇറങ്ങാൻ സാധിച്ചുള്ളൂ. അതേസമയം, മരടിലെ ഫ്ളാറ്റുകളിൽനിന്ന് സാധനങ്ങൾ മാറ്റാൻ ഉടമകൾക്ക് സമയം നീട്ടി നൽകി. താമസിക്കാൻ അനുവദിക്കില്ല. എല്ലാവരും ഒഴിഞ്ഞതായി എഴുതി നൽകണം. വ്യാഴാഴ്ച വരെയാണ് ഫ്ളാറ്റൊഴിയാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സാധനങ്ങൾ മാറ്റാൻ ഇത്രയും സമയം പോരായിരുന്നു.

ഫ്‌ളാറ്റിലെ സാധനങ്ങളെല്ലാം ചുളുവിലയ്ക്കാണ് വിൽക്കുന്നത്.മൂന്നരലക്ഷത്തിന്റെ ഒരു സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്കാണ്.അഞ്ച് എ.സി കൾ ആരോ വാങ്ങിയത് 16,000 രൂപയ്ക്കാണെന്നും കേട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റിൽ മാത്രം 90 താമസക്കാരുണ്ടായിരുന്നു. ഇന്റീരിയർ പൊളിക്കുന്ന ജോലി കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ തുടങ്ങി. എന്നാൽ 18 നിലയുള്ള ഫ്ളാറ്റിൽനിന്ന് എല്ലാം ഒറ്റയടിക്ക് താഴെയിറക്കാൻ കഴിയുമായിരുന്നില്ല. സാധനങ്ങൾ മാറ്റുന്ന ഏജൻസികൾ ലിഫ്റ്റ് കൈയടക്കി. താമസക്കാർക്കുള്ള ലിഫ്റ്റുകൾ അധിക ഭാരം കാരണം പലപ്പോഴും പണിമുടക്കി.

വിദേശത്തുള്ള പലർക്കും എത്താൻ കഴിയാത്തതിനാൽ സാധനങ്ങൾ നാട്ടിലുള്ളവരെ ഉപയോഗിച്ച് വിൽക്കുകയായിരുന്നു. തിരക്കിനിടെ സാധനങ്ങൾ പലതും മാറിപ്പോയി. ചിലത് കളവുപോയെന്നും ആരോപണമുണ്ട്. ഇതിനിടെ ആരോഗ്യപരമായ പ്രശന്ങ്ങളു ചിലരെ അലട്ടുന്നുണ്ടായിരുന്നു. 18-ാം നിലയിലെ സഹോദരന് ഇൻസുലിൻ ഉച്ചയ്ക്ക് എത്തിക്കാൻ കഴിയാതെ വിഷമിക്കുന്ന കണ്ണൂർ സ്വദേശി രാജേഷ് ഗോവിന്ദനെ കണ്ടു. കുവൈത്തിലായിരുന്ന ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് ഇവിടെ ഫ്ളാറ്റ് വാങ്ങിയതാണ്. ലിഫ്റ്റ് പണിമുടക്കിയതിനാൽ 18-ാം നിലയിൽനിന്ന് നടന്നുവന്നാണ് ഹോട്ടലിൽ കഴിക്കാൻ പോയത്. മുകളിലുള്ള സഹോദരൻ പ്രവീണിനുള്ള ഉച്ചഭക്ഷണം വാങ്ങി. തിരികെ 18 നിലകൾ കയറാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സഹോദരന് ഉച്ചയ്ക്ക് ഇൻസുലിൻ കുത്തിവെപ്പുള്ളതുമാണ്. ഇത്ര ചെറിയ സമയത്തിനുള്ളിൽ ഒഴിപ്പിക്കുന്നത് ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടെപ്പോഴോ ലിഫ്റ്റ് ശരിയായപ്പോഴാണ് മുകളിലേക്ക് പോകാനായത്.

രാത്രി 12 മണിക്കു മുന്നേ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും പലരെയും വെട്ടിലാക്കി. ഫ്ളാറ്റിൽ പന്ത്രണ്ടാം നിലയിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്ന് താഴത്തെ നിലയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും ഇതിന്റെ ഫ്യൂസും അടിച്ചുപോകുകയായിരുന്നു. വൈദ്യുതി ഇല്ലാതായത് ഫ്ളാറ്റിലെ സാധനങ്ങൾ താഴെ ഇറക്കുന്നതിനെ കാര്യമായി ബാധിച്ചു.

ഫ്ളാറ്റുകൾ പൊളിച്ചുതുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന 11-ാം തീയതി വരെ സമയം നൽകിയേക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽകുമാർ സിങ്, സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ, െഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി എന്നിവർ വ്യാഴാഴ്ച രാത്രി ഫ്ളാറ്റുകളിലെത്തി അവിടെ യുള്ളവരുമായി ചർച്ച നടത്തി. ഓരോ ഫ്ലാറ്റിലേക്കും 20 സന്നദ്ധപ്രവർത്തകരെ നിയോഗിച്ചതായി കളക്ടർ അറിയിച്ചു.