നിയമം പാലിച്ച് വണ്ടി ഓടിച്ചാല്‍ 300 രൂപയുടെ ഇന്ധനം ഫ്രീ! മോട്ടോര്‍ വാഹന വകുപ്പിന്റെ വേറിട്ട പ്രചാരണം; ഇന്ധനം സൗജന്യമായി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ബോധ വല്‍ക്കരണം സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യം
സ്വന്തം ലേഖകൻ
മലപ്പുറം : ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടിയോടിക്കുന്നവർക്ക് പുതിയ ഓഫറുമായി മോട്ടോർ വാഹന വകുപ്പ്. എല്ലാ നിയമങ്ങളും പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് 300 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും എഎം മോടോഴ്സിന്റെയും സംയുക്ത സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
നിയമം പാലിക്കാതെ ഓടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുക സാധാരണയാണ്. എന്നാൽ നിയമം പാലിക്കുന്നവർക്കും പ്രോത്സാഹനം നൽകണമെന്ന ചിന്തയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ പരിപാടിക്ക് പ്രേരിപ്പിച്ചത്. എല്ലാ നിയമങ്ങളും പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് 300 രൂപക്ക് ഇന്ധനം അടിക്കാൻ ഉള്ള കൂപ്പൺ ആണ് സമ്മാനം. ഇതിന്റെ പരസ്യ പോസ്റ്ററും സ്ഥാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോർ വാഹന നിയമപ്രകാരം എല്ലാം പാലിച്ചു കൊണ്ടാണോ വാഹനം ഓടിക്കുന്നതെന്ന് പരിശോധിക്കും. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടോ, സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ വാഹനത്തിൽ രേഖകളെല്ലാം ഉണ്ടോ എന്നിവയെല്ലാം പരിശോധിച്ച ശേഷമേ സമ്മാനം നൽകൂ.
300 രൂപയ്‌ക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്‌ക്കാൻ സാധിക്കും. ജില്ലയുടെ വിവിധ മേഖലകളിൽ പ്രോത്സാഹന സമ്മാനം നൽകുന്ന പരിശോധന നടക്കും. എന്നാൽ പരിശോധന നടത്തുന്ന എല്ലായിടത്തുനിന്നും ഈ സമ്മാനം കിട്ടണമെന്നുമില്ല.
ആദ്യ ഘട്ടത്തില്‍ 500 കൂപ്പണ്‍ ആണ് സമ്മാനമായി നല്‍കാന്‍ ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി ആണ് ഇന്ധനം സൗജന്യമായി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ബോധ വല്‍ക്കരണം സംഘടിപ്പിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ സമ്മാനത്തില്‍ യാത്രക്കാരും ഏറെ സന്തോഷത്തില്‍ ആണ്. സംഭവം നിയമം പാലിക്കുന്നവര്‍ക്ക് പ്രോത്സാഹനവും സന്തോഷവും ഒക്കെയാണെങ്കിലും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുക തന്നെ ചെയ്യും എന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
മലപ്പുറം നഗരത്തില്‍ നടന്ന ചടങ്ങില്‍
ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാറിനൊപ്പം എംവിഐ മാരായ ഡാനിയല്‍ ബേബി, സജി തോമസ് എഎംവിഐ മാരായ ഷൂജ മാട്ടട ,സയ്യദ് മഹമൂദ്, എബിന്‍ ചാക്കോ , പി കെ മനോഹരന്‍, എ എം മോട്ടോര്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ രാജേന്ദ്രന്‍, മാനേജ്മന്റ് പ്രധിനിധി മുഹമ്മദ് ഫാസില്‍, ജനറല്‍ മാനേജര്‍ ദീപക് എന്നിവരും പങ്കെടുത്തു.