ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്തു വർഷം മുൻപ് കാണാതായ മകനെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച അമ്മയ്ക്ക് ഒടുവിൽ ആശ്വാസ വാക്ക്. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കണ്ണീരണിഞ്ഞ കണ്ണുകൾ കണ്ണു നിറഞ്ഞ് മകനെ കണ്ടു. പത്തുവർഷംമുമ്പ് ജോലിതേടി വീടുവിട്ട മകൻ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്.
പത്തുവർഷങ്ങൾക്കിപ്പുറം ജാനകിയമ്മ മകനെ കൺനിറയെ കണ്ടു. ഷാജികുമാർ അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമവാർത്തകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയിൽ ജോലിചെയ്യുന്ന ഷാജികുമാർ അമ്മയെത്തേടിയെത്തിയത്.
മന്ത്രി കെ കെ ശൈലജയും കൂടിച്ചേരലിനു ചുക്കാൻ പിടിച്ച സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീലും സന്തോഷമുഹൂർത്തത്തിന് സാക്ഷികളായി. പത്തു വർഷം അമ്മയ്ക്ക് കൊടുക്കാൻ കഴിയാതിരുന്ന സ്നേഹവും കരുതലും ഇരട്ടിയായി നല്കുമെന്ന് ഉറപ്പു പറഞ്ഞാണ് ഷാജികുമാർ അമ്മയെക്കൂട്ടി മടങ്ങിയത്.
പത്തുവർഷങ്ങൾക്കു മുൻപാണു മകൻ ഷാജി വീട്ടിൽനിന്നും ജോലി തേടി പോയത്. അതിനുശേഷം തിരികെ വന്നിട്ടില്ല. കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണു മകൻ നാടുവിട്ടതെന്നു ജാനകി പറയുന്നു. നാടു വിടുമ്പോൾ 36 വയസ്സുണ്ടായിരുന്നു.
മകൻ എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെയെന്നു കരുതി പൊലീസിൽ പരാതിപ്പെടാനും ഈ അമ്മ തയാറായില്ല. എന്നാൽ ഷാജി വീടുവിട്ടതിനു ശേഷമുള്ള നാളുകൾ ജാനകിയ്ക്ക് കഷ്ടകാലത്തിന്റേതായിരുന്നു.മൂത്ത രണ്ടുമക്കളും അമ്മയെ നോക്കാതെ കയ്യൊഴിഞ്ഞു. ബന്ധുക്കളും തഴഞ്ഞു. അന്തിയുറങ്ങാൻ വീടുപോലുമില്ലാതെ ജാനകി പത്തുവർഷം കഴിഞ്ഞത് വൃദ്ധസദനങ്ങളിൽ. ജീവിക്കാനായി വീട്ടുജോലിയും ചെയ്തു.
ബേക്കറി ജോലിക്കാരനായിരുന്ന ഷാജി ഭാര്യാ ബന്ധുക്കളുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് വീട് വിട്ടതെന്നു ജാനകി പറയുന്നു.